പരിശുദ്ധസിംഹാസനത്തിൻറെ സമാധാനയത്നം അന്താരാഷ്ട്ര വ്യവസ്ഥകൾ മാനിച്ചുകൊണ്ട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾക്കറുതി വരുത്തുന്നതിന് പരിശുദ്ധസിംഹാസനം നയതന്ത്രതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യകർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ഇറ്റലിയുടെ വടക്കുകിഴക്കെ അറ്റത്തുള്ള അക്വിലേയിയയിലെ നിണസാക്ഷികളായ വിശുദ്ധ എർമ്മഗോറ മെത്രാൻറെയും വിശുദ്ധ ഫൊർത്തുണാത്തൊ ശെമ്മാശൻറെയും തിരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആ പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രജ്ഞതയും സമാധന മണ്ഡലത്തിൽ അക്വിലേയിയയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു പ്രഭാഷണത്തിൻറെ പ്രമേയം. വിഭിന്നങ്ങളായ ആശയങ്ങളെയും വിരുദ്ധങ്ങളായ രാഷ്ട്രീയ നിലപാടുകളെയും മതപരമായ വിഭിന്നങ്ങളായ കാഴ്ചപ്പാടുകളെയും വ്യത്യസ്ത സിദ്ധാന്തങ്ങളെയും സമന്വയിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ട് നയതന്ത്രതലത്തിൽ പരിശുദ്ധസിംഹാസനം സ്വീകരിച്ചിരിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ശൈലിയാണെന്ന് ആർച്ചുബിഷപ്പ് ഗാല്ലഗെർ വിശദീകരിച്ചു.
അന്താരാഷ്ട്ര വ്യവസ്ഥകളും മൗലിക മനുഷ്യാവകാശങ്ങളും ആദരിച്ചുകൊണ്ടുള്ള ഒരു സമാധാന സംസ്ഥാപന ശൈലിയാണ് പരിശുദ്ധസിംഹാസനം പിൻചെല്ലുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉക്രൈയിൻകാരായ കുട്ടികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനും റഷ്യയുടെയും ഉക്രൈനിൻറെയും യുദ്ധത്തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിനും ഗാസ മുനമ്പിൽ തടവിലായ ഇസ്രായേൽക്കാരുടെ മോചനത്തിനും വേണ്ടിയുള്ള യത്നങ്ങൾ അദ്ദേഹം ഉദാഹരണമായി നിരത്തി.
നീതിപൂർവ്വകമായ ഒരു ലോകക്രമം സാധ്യമക്കുന്നതിന് യത്നിക്കാനുള്ള പ്രചോദനം അക്വിലേയിയയുടെ മഹത്തായ പാരമ്പര്യം പ്രദാനം ചെയ്യട്ടെയെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗെർ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: