തിരയുക

കത്തോലിക്കാരുടെ സാമൂഹ്യവാരാഘോഷവേളയിൽ ഇറ്റലിയുടെ പ്രെസിഡന്റ് മത്തരെല്ലയും ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സ്സൂപ്പിയും കത്തോലിക്കാരുടെ സാമൂഹ്യവാരാഘോഷവേളയിൽ ഇറ്റലിയുടെ പ്രെസിഡന്റ് മത്തരെല്ലയും ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സ്സൂപ്പിയും  (ANSA)

കത്തോലിക്കാസഭ പൊതുനന്മയ്ക്കായി നൽകിയ സംഭാവനകൾ വലുത്: കർദ്ദിനാൾ മത്തെയോ സ്സൂപ്പി

പൊതുസമൂഹത്തിന്റെ വളർച്ചയ്ക്കും നന്മയ്ക്കുമായി ഇറ്റലിയിലെ കത്തോലിക്കാസഭ നൽകിയ സംഭാവനകൾ വലുതായിരുന്നെന്നും, സമൂഹമെന്ന നിലയിൽ “നാമെന്ന” ചിന്തയില്ലാതെ ജനാധിപത്യമില്ലെന്നും ഇറ്റലിയിലെ മെത്രാൻസമിതി പ്രെസിഡന്റ് കർദ്ദിനാൾ മത്തെയോ സ്സൂപ്പി. ത്രിയെസ്തേയിൽ കഴിഞ്ഞദിവസം ആരംഭിച്ച "കത്തോലിക്കരുടെ സാമൂഹ്യവാരാഘോഷത്തിന്റെ" ആദ്യദിനത്തിൽ, ഇറ്റലിയുടെ പ്രെസിഡന്റ് സേർജിയോ മത്തരെല്ലയുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 7 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ സമ്മേളനത്തിൽ സംബന്ധിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ വളർച്ചയിൽ കത്തോലിക്കാസഭയുടെ പങ്ക് വലുതെന്നോർപ്പിച്ച് ഇറ്റലിയിലെ മെത്രാൻസമിതി പ്രെസിഡന്റ് കർദ്ദിനാൾ മത്തെയോ സ്സൂപ്പി. ഇറ്റലിയുടെ തെക്കുകിഴക്കൻ പ്രദേശത്തുള്ള ത്രിയെസ്തേയിൽ ജൂലൈ മൂന്നിന് ആരംഭിച്ച, " കത്തോലിക്കരുടെ സാമൂഹ്യവാരാഘോഷ"സമ്മേളനത്തിന്റെ ആദ്യദിനത്തിൽ, ഇറ്റലിയുടെ പ്രെസിഡന്റ് മത്തരെല്ലയുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കവേയാണ്, രാജ്യത്തെ കത്തോലിക്കാസഭയുടെ സംഭാവനകളെക്കുറിച്ച് കർദ്ദിനാൾ സ്സൂപ്പി സംസാരിച്ചത്. നാലുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ജൂലൈ 7 ഞായറാഴ്ച ഫ്രാൻസിസ് പാപ്പായും സംബന്ധിക്കും.

1907-ൽ നടന്ന ഇറ്റലിയിലെ പിസ്‌തോയിയയിൽ വച്ച് നടന്ന കത്തോലിക്കരുടെ ആദ്യ"സാമൂഹ്യവാരാഘോഷ"ത്തിന്റെ നാളുകൾ മുതൽ ഇന്നുവരെ തങ്ങളിലേക്ക് ഒതുങ്ങിക്കൂടാതെ, സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കത്തോലിക്കാസഭ പരിശ്രമിച്ചിട്ടുണ്ടെന്ന് കർദ്ദിനാൾ അവകാശപ്പെട്ടു.

ത്രിയെസ്തേ നഗരത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത് അതിർത്തിപ്രദേശത്തുള്ള ഒരിടമായതിനാൽത്തന്നെ, വിവിധ സംസ്കാരങ്ങളും, വിശ്വാസങ്ങളും, കിഴക്കും പടിഞ്ഞാറും, തമ്മിലുള്ള സംവാദങ്ങളുടെയും കണ്ടുമുട്ടലുകളുടെയും ഇടം കൂടിയാണെന്ന് കർദ്ദിനാൾ സ്സൂപ്പി ഓർമ്മിപ്പിച്ചു.

യൂറോപ്പിലേക്കുള്ള വഴിയിൽ നിരവധി അഭയാർത്ഥികൾ മരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അതിരുകൾ മുള്ളുവേലികളും മതിലുകളുമാകുന്നതിന് പകരം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ആധുനികസമൂഹത്തിന് നേരെയുയരുന്ന വെല്ലുവിളികളെ നേരിടാൻ സഭ എന്നും മുൻപന്തിയിൽ നിന്നിട്ടുണ്ടെന്ന് പ്രസ്താവിച്ച  മെത്രാൻസമിതി പ്രെസിഡന്റ്, “നാമെന്ന” ചിന്തയില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ലെന്ന് ഓർമ്മിപ്പിച്ചു. സമത്വത്തിന്റെ ആശയങ്ങളും, മനുഷ്യാന്തസ്സും ഉയർത്തിപ്പിടിക്കുന്നതാണ് ജനാധിപത്യമെന്ന് കർദ്ദിനാൾ സ്സൂപ്പി എടുത്തുപറഞ്ഞു. അതുകൊണ്ടാണ്, സ്ഥാപനങ്ങൾക്കും, നിയമങ്ങൾക്കും, അവകാശങ്ങൾക്കും കടമകൾക്കും അപ്പുറം മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള  സംവിധാനമായി ജനാധിപത്യം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരെയും ഒഴിവാക്കാതെയും, എല്ലാവരെയും ഉൾക്കൊണ്ടുമുള്ള ഒരു ജനാധിപത്യസംവിധാനം സ്‌ഥാപിക്കാനാണ് കത്തോലിക്കാസഭ പരിശ്രമിക്കുന്നതെന്ന് കർദ്ദിനാൾ സ്സൂപ്പി വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പായുടെ "ഫ്രത്തെല്ലി തൂത്തി" എന്ന ചാക്രികലേഖനം പരാമർശിച്ചുകൊണ്ട്, ആയുധങ്ങളുടേതല്ല, സ്നേഹത്തിന്റേതാണ് യഥാർത്ഥ ശക്തിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2024, 15:36