ഉക്രൈയിനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രം ഉക്രൈയിനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രം 

കർദ്ദിനാൾ പരോളിൻ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്!

ഉക്രൈയിനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഈ മാസം ഇരുപത്തിയൊന്നിന്, ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപനാഘേഷങ്ങളിൽ മാർപ്പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പീയെത്രൊ പരോളിൻ പങ്കെടുക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനിലെ ലത്തീൻ കത്തോലിക്കർ ബേർദിച്ചിവ് മരിയൻ പവിത്രസന്നിധാനത്തിലേക്കു നടത്തുന്ന തീർത്ഥാടനത്തിൻറെ സമാപനംകുറിക്കുന്നതിന് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അവിടെ എത്തും.

ഈ മാസം ഇരുപത്തിയൊന്നിന്, ഞായറാഴ്ചയാണ് ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ സമാപനാഘേഷങ്ങൾ.

ഉക്രൈയിൻ ജനതയ്ക്ക് പ്രിയപ്പെട്ട ഇടമാണ്, പ്രത്യേകിച്ച്, ഖേദകരവും വിനാശകരവുമായ യുദ്ധത്തിൻറെതായ ഈ സമയത്ത്, ബേർദിച്ചിവ് മരിയൻ സങ്കേതം എന്ന് താൻ ഇക്കഴിഞ്ഞ ശനിയാഴ്ച (13/07/24) കർദ്ദിനാൾ പരോളിന് ലത്തീൻ ഭാഷയിൽ നല്കിയ അനുവാദക്കത്തിൽ ഫ്രാൻസിസ് പാപ്പാ അനുസ്മരിക്കുന്നു.

ഉക്രൈയിനിലും ലോകത്തിൻറെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും  ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പാ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെടുന്നു. ഉക്രൈയിനിലെ പ്രിയ ജനത അനുഭവിക്കുന്ന അങ്ങേയറ്റം പ്രയാസമേറിയ ഈ സമയത്ത് തൻറെ സഹാനുഭൂതിയും സാമീപ്യവും അവരെ അറിയിക്കണമെന്നും പാപ്പാ പറയുന്നു. 

ബേർദിച്ചിവ് മരിയൻ തീർത്ഥാടനകേന്ദ്രത്തിൻറെ ലഘു ചരിതവും പാപ്പാ കത്തിൽ അനുസ്മരിക്കുന്നുണ്ട്. നിഷ്പാദുക കർമ്മലീത്താ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ഈ ദേവാലയത്തിന് 2011-ലാണ് ദേശീയ തീർത്ഥാടന കേന്ദ്ര പദവി ലഭിച്ചത്. എന്നിരുന്നാലും അവിടത്തെ തീർത്ഥാടന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് പതിനേഴാം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധം വരെ പിന്നോട്ടു പോകുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2024, 13:05