കർദ്ദിനാൾ പരോളിൻ പത്രപ്രവർത്തകർക്ക് അഭിമുഖം നൽകുന്നതിനിടെ കർദ്ദിനാൾ പരോളിൻ പത്രപ്രവർത്തകർക്ക് അഭിമുഖം നൽകുന്നതിനിടെ 

പ്രതിസന്ധി നേരിടുന്ന ജനാധിപത്യത്തിന് മൂല്യങ്ങൾ നൽകാൻ കത്തോലിക്കാർക്കാകണം: കർദ്ദിനാൾ പരോളിൻ

ഫ്രാൻസിസ് പാപ്പായുടെ കൂടി സാന്നിദ്ധ്യത്തിൽ, വടക്കൻ ഇറ്റലിയിൽ നടക്കാനിരിക്കുന്ന "സാമൂഹ്യവാരത്തിന്" ആശംസകൾ നേരുകയും. ഉക്രൈൻ സംഘർഷത്തിൽ തടവുകാരാക്കപ്പെട്ടവർ വിട്ടയക്കപ്പെട്ടേക്കാമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും. ലെബാനോനുവേണ്ടി അഭ്യർത്ഥന നടത്തുകയും ചെയ്‌ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ.

അന്തൊണെല്ല പലേർമോ, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

നയതന്ത്രപ്രവർത്തനം ചെറിയ ഫലങ്ങളെ ഉളവാക്കുന്നുള്ളൂ എന്ന ചിന്ത ഉയരുമ്പോൾ, സമാധാനപരിശ്രമങ്ങൾ എല്ലാം അവസാനിപ്പിച്ച് മറ്റു മാർഗ്ഗങ്ങളിലേക്ക് പോകാനുള്ള പ്രലോഭനത്തെ നാം അതിജീവിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യപുരസ്കാരത്തിന്റെ അഞ്ചാം പതിപ്പുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടാം തീയതി, വത്തിക്കാനിലേക്കുള്ള ഇറ്റലിയുടെ എംബസിയിൽ എത്തിയ അവസരത്തിൽ പത്രപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇങ്ങനെ പറഞ്ഞത്. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, "പാചെം ഇൻ തേറിസ്" എന്ന ചാക്രികലേഖനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, സഭയ്ക്ക് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമോ, എന്ന പേരിലുള്ള ഗ്രന്ഥം എഴുതിയ, റായ് പത്രപ്രവർത്തകൻ പിയെറോ ദമോസ്സോയ്ക്കായിരുന്നു ഇത്തവണത്തെ സാഹിത്യപുരസ്‌കാരം നൽകപ്പെട്ടത്.

 "പാചെം ഇൻ തേറിസ്" എന്ന ചാക്രികലേഖനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, ലോകസമാധാനം എന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു നന്മയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. സമാധാനവുമായി ബന്ധപ്പെട്ട് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ എഴുതിയത് നാമേവരും കാത്തുസൂക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ട ചില സന്ദേശങ്ങളാണെന്ന് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.

യുദ്ധം ഒരിക്കലും ഒരു ന്യായമായ യുദ്ധമല്ലെന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു. പ്രതിരോധിക്കാൻവേണ്ടിയുള്ള യുദ്ധത്തെയാണ് ന്യായമായ യുദ്ധമെന്ന് പറയുന്നതെങ്കിലും, ഇന്നത്തേതുപോലെയുള്ള സായുധയുദ്ധങ്ങളുടെ മുന്നിൽ ഈ ആശയം പുനഃവിചിന്തനം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇസ്രയേലിന്റെ അയൽരാജ്യമായ ലെബനോനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ, ആ രാജ്യത്തിന്റെ മെച്ചപ്പെട്ട ഭാവിക്കായി ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി എടുത്തുപറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്ക് നിർവ്വഹിക്കാനുള്ള പ്രധാനപ്പെട്ട ചുമതലയെക്കുറിച്ച് സംസാരിക്കവെ, കർദ്ദിനാൾ മാർ ബെഷാറ ബുത്രോസ് അൽ റായിയുടെ വ്യക്തിത്വത്തിന്റെ പ്രാധാന്യം കർദ്ദിനാൾ പരോളിൻ പ്രത്യേകമായി പരാമർശിച്ചു.

ഉക്രൈൻ സംഘർഷത്തെക്കുറിച്ച് പരാമർശിക്കവെ, യുദ്ധത്തടവുകാർ മോചിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. സമാധാനസ്ഥാപനത്തിനായുള്ള ചർച്ചകൾക്കായി വെടിനിറുത്തൽ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഹംഗറി പ്രധാനമന്ത്രി ഓർബാൻ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്കവേ, ഉക്രൈൻ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്നും, തങ്ങൾക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ കഠിനമായി വീണ്ടും ആരംഭിച്ചേക്കാമെന്ന ഭയം മൂലമാണിതെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു. യുദ്ധത്തടവുകാരെ കൈമാറുന്നതിൽ പരിശുദ്ധ സിംഹാസനം മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, ഇത് വിജയസാധ്യതയുള്ള ഒരു മാർഗ്ഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വടക്കൻ ഇറ്റലിയിലെ ത്രിയേസ്തേയിൽ നടക്കാനിരിക്കുന്ന സാമൂഹ്യാവരവുമായി ബന്ധപ്പെട്ടു സംസാരിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യം പ്രതിസന്ധിയിലാണെന്നും, എന്നാൽ ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ കത്തോലിക്കരുൾപ്പെടെയുള്ള ആളുകൾക്ക് ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രസ്താവിച്ചു. ജനാധിപത്യം എന്നത് ഗണിതശാസ്ത്രപരമായ പ്രവർത്തിയല്ല, മറിച്ച് സഹവർത്തിത്വം സാധ്യമാക്കാൻ സഹായിക്കുന്ന മൂല്യങ്ങളാൽ പ്രേരിതരായി, മൂല്യങ്ങളുടെ പ്രവർത്തികമായ വിനിയോഗം നടത്തുക എന്നതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

സഭയ്ക്ക് യുദ്ധം നിറുത്തിക്കാനുള്ള ശക്തി ഇല്ലെങ്കിലും, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകളെ തകർക്കാനായി ലോകമനഃസാക്ഷിയെ ഉണർത്താനുള്ള കഴിവുണ്ടെന്ന് പിയെറോ ദമോസ്സോ തന്റെ പുസ്തകത്തിൽ കുറിച്ചിരുന്നു. സാഹോദര്യവും, ഐക്യദാർഢ്യവും, നീതിയും, മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസ്സും, പ്രകൃതിയുടെ പരിപാലനവുമാണ് സഭ നിർദ്ദേശിക്കുന്നത്. ദൈവജനത്തിന്റെ പ്രാർത്ഥനയുടെ ശക്തിയും എഴുത്തുകാരൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2024, 15:32