ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച 

2030 അജണ്ട നടപ്പിലാക്കാനായി ദാരിദ്ര്യവും പട്ടിണിയും നിർമ്മാർജ്ജനം ചെയ്യുക: ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച

ദാരിദ്ര്യവും പട്ടിണിയും സുസ്ഥിരവികസനത്തിനുമുന്നിൽ വലിയ വെല്ലുവിളികളാണെന്ന് ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ഐക്യരാഷ്ട്രസഭ, സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് ജൂലൈ 9 ചൊവ്വാഴ്ച നടത്തിയ ഉന്നതതല രാഷ്ട്രീയയോഗത്തിൽ സംസാരിക്കവെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നിർമ്മാർജ്ജനത്തിൽ അന്താരാഷ്ട്രസമൂഹത്തിനും രാജ്യങ്ങൾക്കുമുള്ള പങ്കിനെപ്പറ്റി ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി പ്രത്യേകം പരാമർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദാരിദ്ര്യവും പട്ടിണിയും ഇന്നത്തെ സമൂഹത്തിന് മുൻപിലും അതിജീവിക്കാനാകാത്ത വലിയ പ്രതിസന്ധികളായി തുടരുന്നുവെന്ന് ഐകരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് ജൂലൈ 9 ചൊവ്വാഴ്ച നടത്തിയ ഉന്നതതല രാഷ്ട്രീയയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യനിർമ്മാർജ്ജനവും 2030 അജണ്ടയും

പൊതുവായ ദാരിദ്ര്യനിർമ്മാർജ്ജനം 2030 അജണ്ടയിലെ പ്രധാനപ്പെട്ട ഒരു ആശയമായി അന്താരാഷ്ട്രസമൂഹം പൊതുവായി അംഗീകരിച്ചിരുന്നുവെന്ന് ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. എന്നാൽ പ്രസ്തുത അജണ്ട നടപ്പിലാക്കുവാൻ നാം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ദാരിദ്ര്യം ഇപ്പോഴും സമൂഹങ്ങളിൽ നിലനിൽക്കുന്നുവെന്ന് നാം മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2030 ആകുമ്പോഴേക്ക് ലോകരാജ്യങ്ങളിൽ മൂന്നിലൊന്ന് ഭാഗത്ത് മാത്രമേ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചേക്കൂ എന്ന് വത്തിക്കാൻ പ്രതിനിധി ആശങ്ക പ്രകടിപ്പിച്ചു.

മനുഷ്യാസ്തിത്വത്തിന്റെ വിവിധ വശങ്ങൾ ഉൾച്ചേരുന്ന സങ്കീർണ്ണമായ ഒരു യാഥാർഥ്യമാണ് ദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള ശ്രമമെന്ന് ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് കാച്ച, മനുഷ്യനെ അവന്റെ സമ്പൂർണ്ണതയിൽ എടുക്കുമ്പോൾ, ദാരിദ്ര്യം എന്നത് അതിജീവനത്തിനായുള്ള സാമ്പത്തികസ്രോതസ്സുകളുടെ അഭാവം മാത്രമല്ല എന്ന് പ്രസ്താവിച്ചു. വിദ്യാഭ്യാസം, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ആദ്ധ്യാത്മിക ആവശ്യങ്ങൾ ഉൾക്കൊള്ളുന്നവനാണ് മനുഷ്യനെന്ന് അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടുതന്നെ സാമ്പത്തികമായ ഒരു കാഴ്ചപ്പാടുമാത്രം പോരാ, മറിച്ച് അതിനുമപ്പുറത്തേക്ക് കടക്കുന്ന ഒരു വീക്ഷണകോണോടെ വേണം ദാരിദ്ര്യനിർമ്മാർജ്ജനം എന്ന ശ്രമത്തിലേക്ക് അടുക്കാൻ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

2030-ഓടെ ദാരിദ്ര്യമില്ലാത്ത ഒരു ലോകത്തിനായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കടങ്ങളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് ശരിയായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, പല വികസ്വരരാജ്യങ്ങളും ദാരിദ്ര്യത്തിന്റെ ബഹുമുഖവശങ്ങൾ അഭിമുഖീകരിക്കുന്നത് സുഖകരമായല്ല എന്നും, പലപ്പോഴും വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹികസുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുന്ന ചെലവുകളുടെ അനുപാതങ്ങൾ തമ്മിൽ ഏറെ അസമത്വം നിലനിൽക്കുന്നുണ്ടന്നും വിശദീകരിച്ചു. പല വികസ്വര രാജ്യങ്ങൾക്കും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും കടങ്ങൾ തിരിച്ചടയ്ക്കുന്നതിനായി നീക്കിവയ്ക്കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസ്വര രാജ്യങ്ങൾക്ക് കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് സാവകാശം ഏർപ്പെടുത്തുന്നതും, പലിശനിരക്കുകൾ കുറയ്ക്കുന്നതും, ദാരിദ്ര്യനിർമ്മാർജ്ജനമുൾപ്പെടെ വിവിധ മേഖലകളിലേക്ക് ശരിയായ രീതിയിൽ ധനനിക്ഷേപം നടത്താൻ അവരെ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് കാച്ച, തിരിച്ചടയ്ക്കാൻ കഴിവില്ലാത്ത രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ പാപ്പാ നടത്തിയ അഭ്യർത്ഥനയെ തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു.

സമഗ്രമാനവികവികസനത്തിനും, ദാരിദ്ര്യനിർമ്മാർജ്ജനത്തിനുമായി സംഭാവന ചെയ്യുന്നതിലേക്കായി, വികസ്വരരാജ്യങ്ങൾ തങ്ങൾക്ക് താങ്ങാനാകാത്ത കടങ്ങളുടെ ഭാരം വഹിക്കാൻ നിർബന്ധിതരാകുന്നില്ല എന്നത് ഉറപ്പുവരുത്തുന്നത് സഹായകരമാകുമെന്നും വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു.

പട്ടിണി അവസാനിപ്പിക്കുക

പട്ടിണിനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടു സംസാരിച്ച ആർച്ച്ബിഷപ് കാച്ച, ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള പ്രശ്നങ്ങളും അതിഭീകരമായ തോതിൽ തുടരുകയാണെന്ന് ഓർമ്മപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാവ്യതിയാനവും പ്രതിസന്ധികളും തുടങ്ങിയ വസ്തുതകളും ഇതിനു കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടിണി എന്നത് ഒരു കുറ്റമാണെന്നും, ഭക്ഷണമെന്നത് ആർക്കും നിഷേധിക്കാനാകാത്ത ഒരു അവകാശമാണെന്നും ഫ്രാൻസിസ് പാപ്പാ ബ്രസീലിലെ സഭാസഹോദര്യപ്രചാരണസമ്മളനത്തിലേക്ക് 2023-ൽ നൽകിയ സന്ദേശത്തിൽ പറഞ്ഞത് വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ പ്രത്യേകം പരാമർശിച്ചു. ദൈവം മനുഷ്യന് നൽകിയ അന്തസ്സിന്റെ പരിപാലനത്തിനും പട്ടിണി ഇല്ലാതാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുൾപ്പെടെയുള്ള വിവിധ യാഥാർത്ഥ്യങ്ങൾ, കാരുണ്യപ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പല മാർഗ്ഗങ്ങളിലൂടെ ദൈനംദിനഭക്ഷണം വിതരണം ചെയ്യുന്നതിലൂടെ പട്ടിണിയെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് ആർച്ച്ബിഷപ് കാച്ച എടുത്തുപറഞ്ഞു.

പട്ടിണി ഉണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം അറിഞ്ഞ്, ഹ്രസ്വകാലപദ്ധതികളെക്കാൾ, സുദീർഘമായ ഫലങ്ങൾ ഉളവാക്കുകയും, പട്ടിണി ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും വത്തിക്കാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലാവരുടെയും ആവശ്യങ്ങൾക്കായുള്ള ഭക്ഷണം ഉള്ളപ്പോഴും, പട്ടിണി തുടരുന്നുവെന്നതിലെ വൈരുധ്യവും അദ്ദേഹം എടുത്തുകാണിച്ചു. സുസ്ഥിരമായ വികസനവും, ശരിയായ ഭക്ഷണവിതരണവും നടക്കേണ്ടതിന്റെ ആവശ്യവും ആർച്ച്ബിഷപ് കാച്ച തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

2030 അജണ്ടയിലേക്കുള്ള അടുത്ത ആറു വർഷങ്ങളിൽ, എല്ലാവർക്കും ഈ ഭൂമിയിലെ വിഭവങ്ങൾ ലഭ്യമാക്കാൻ നാം പരിശ്രമിക്കണമെന്നും, ദരിദ്രരരും ധനികരുമായുള്ള വിടവ് ധനികരുടെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾകൊണ്ട് അവസാനിപ്പിക്കാനല്ല ശ്രമിക്കേണ്ടതെന്നും, ലോകഭക്ഷ്യസുരക്ഷയുടെ മുപ്പത്തിയെട്ടാമത്‌ കോൺഫറൻസിനെ അഭിമുഖീകരിച്ചുകൊണ്ട് 2013-ൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞത് വത്തിക്കാൻ പ്രതിനിധി ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2024, 15:10