തൻറെ വദനം തേടാൻ ദൈവം മനുഷ്യനെ വിളിക്കുന്നു, കർദ്ദിനാൾ പരോളിൻ!
അലെസ്സാന്ത്രൊ ത്സഫീറൊ, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യേശുവിൻറെ സുവിശേഷം ജീവിക്കാനാഗ്രഹിക്കുന്നവർക്ക് എക്കാലത്തെയും എല്ലായിടത്തെയും വിശുദ്ധർ വിശ്വസ്തതയുടെയും ധീരതയുടെയും മാതൃകയാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ.
ഇറ്റലിയുടെ തെക്കുപടിഞ്ഞാറെ ദ്വീപായ സിസിലിയിലുള്ള പലേർമൊ പട്ടണത്തിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ “ല സന്തൂത്സ” (la Santuzza) എന്നറിയപ്പെടുന്ന, വിശുദ്ധ റൊസളീയയുടെ ജൂലൈ 10-ന് ആരംഭിച്ച നാനൂറാം ചെറുതിരുന്നാളാഘോഷത്തിൻറെ സമാപന ദിനമായിരുന്ന പതിനഞ്ചാം തീയതി തിങ്കളാഴ്ച (15/07/24) പലേർമൊ അതിരൂപതാ കത്തീദ്രലിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച സമൂഹദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ പരോളിൻ. ഈ തിരുന്നാളാഘോഷങ്ങൾ. ആരാധനാക്രമമനുസരിച്ച്, വിശുദ്ധ റൊസളീയയുടെ തിരുന്നാൾ സെപ്റ്റംബർ 4-നാണ്.
സിസിലിയിൽ വിശ്വാസത്തിന് സാക്ഷ്യമേകിയ ഇതര വിശുദ്ധരിൽ ചിലരെ പേരെടുത്തുപറഞ്ഞ് അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ ആ ധീരസാക്ഷികൾ വിതച്ച വിത്തിൻറെ ഫലമാണ് സിസിലിയിലെ സഭയെന്ന് വിശദീകരിച്ചു. തൻറെ വദനം തേടാനും തൻറെ സ്വരം ശ്രിവിക്കാനും ദൈവം മനുഷ്യനെ വിളിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നീതിക്കുവേണ്ടയുള്ള യത്നം പലേർമൊ നഗരം തുടരുന്നതും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അന്നാട്ടുകാരനായ വൈദികൻ ജുസേപ്പെ പുല്യീസി രക്സാക്ഷിയായിത്തീർന്നതും അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ ചിന്തപ്പെട്ട രക്തത്തിൽ നിന്ന് മാറ്റത്തിൻറെ പാതയിൽ ആയിരക്കണക്കിന് സ്വരങ്ങളും അനുഭവങ്ങളും ഉയിർകൊണ്ടുവെന്ന് പറഞ്ഞു. പലേർമൊ നഗരം ജീവിതയോഗ്യവും സ്വാഗതാർഹവും മനോഹരവുമാക്കിത്തീർക്കുന്നതിന് സംഭാഷണത്തിൻറെയും വിവേകത്തിൻറെയും സംസ്കാരം പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: