തിരയുക

കഴിഞ്ഞ വർഷത്തെ മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തിൽനിന്നുള്ള ഒരു ദൃശ്യം കഴിഞ്ഞ വർഷത്തെ മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തിൽനിന്നുള്ള ഒരു ദൃശ്യം  (Vatican Media)

മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തിൽ പൂർണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ

ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തിൽ, സഭാപരമായ നിബന്ധനകൾ പൂർത്തിയാക്കി പരിപൂർണ്ണദണ്ഡവിമോചനം നേടാൻ സാധ്യത നൽകി അപ്പസ്തോലിക പെനിറ്റെൻഷ്യറി കോടതി അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലോ ദോണാത്തിസ് ഡിക്രി പുറത്തിറക്കി. ജൂലൈ 28-ആം തീയതിയാണ് ഇത്തവണത്തെ മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച, മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തിന്റെ നാലാം ആചാരണാവസരത്തിൽ, സഭ നിർദ്ദേശിക്കുന്ന ഭക്തകൃത്യങ്ങൾ നിറവേറ്റിക്കൊണ്ട് ഈ വർഷവും പരിപൂർണ്ണദണ്ഡവിമോചനം നേടാൻ അനുവദിക്കുന്നതായി, കത്തോലിക്കാസഭയുടെ അപ്പസ്തോലിക പരിഹാരകോടതി (Penitenzieria Apostolica), അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലോ ദൊണാത്തിസ് ഉത്തരവ് പുറപ്പെടുവിച്ചു. അല്മയർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അധ്യക്ഷൻ, കർദ്ദിനാൾ കെവിൻ ജോസെഫ് ഫാരൽ മുന്നോട്ടുവച്ച അഭ്യർത്ഥന കണക്കിലെടുത്താണ് ഇത്തരമൊരു ഡിക്രി കർദ്ദിനാൾ ദൊണാത്തിസ് നൽകിയത്.

ഫ്രാൻസിസ് പാപ്പാ, അപ്പസ്തോലിക പെനിറ്റൻഷ്യറിക്ക് അനുവദിച്ചിരിക്കുന്ന അവകാശങ്ങൾ ഉപയോഗിച്ച്, സഭാമക്കളുടെ വിശ്വാസം വളർത്തുന്നതിനും, ആത്മാക്കളുടെ രക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് പരിപൂർണ്ണദണ്ഡവിമോചനം നേടാനുള്ള ഇത്തരമൊരു സാധ്യത മുന്നോട്ടുവയ്ക്കുന്നതെന്ന് ഡിക്രിയിൽ കർദ്ദിനാൾ ദൊണാത്തിസ് വ്യക്തമാക്കി. കൂദാശാപരമായ കുമാസാരം, വിശുദ്ധകുർബാനസ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗാർത്ഥമുള്ള പ്രാർത്ഥന എന്നീ മൂന്ന് നിബന്ധനകൾ പരിപൂർണ്ണദണ്ഡവിമോചനം നേടുന്നതിലേക്കായി പൂർത്തിയാക്കുന്നവർക്കാണ്, ഈയൊരു ആനുകൂല്യം സഭ നൽകുന്നത്.

മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കപ്പെടുന്ന ജൂലൈ 28-ആം തീയതി, യഥാർത്ഥ അനുരഞ്ജനമനോഭാവത്തോടെ മുൻപ് പ്രതിപാദിച്ച നിബന്ധനകൾ പൂർത്തിയാക്കുന്നതുവഴി, മുത്തശ്ശീമുത്തച്ഛന്മാർക്കും, വയോധികർക്കും, എല്ലാ വിശ്വാസികൾക്കും, തങ്ങൾക്കുവേണ്ടിയോ, ശുദ്ധീകരണസ്ഥലത്തുള്ള വ്യക്തികളുടെ ആത്മാക്കൾക്കുവേണ്ടിയോ പരിപൂർണ്ണദണ്ഡവിമോചനം നേടാനാകുമെന്ന് കോടതിയുടെ ഡിക്രി രേഖപ്പെടുത്തി.

ഇതേ ദിവസം, വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദർശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികൾക്കും, കരുണയുടെ ഈ കോടതി, പരിപൂർണ്ണദണ്ഡവിമോചനം അനുവദിക്കുന്നുവെന്ന് കർദ്ദിനാൾ ദൊണാത്തിസ് തന്റെ ഉത്തരവിൽ എഴുതി.

വാർത്താമാധ്യമങ്ങളിലൂടെ, മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ അദ്ധ്യാത്മികമായി പങ്കെടുക്കുകയും, കാരുണ്യവാനായ ദൈവത്തിന് തങ്ങളുടെ പ്രാർത്ഥനകളും, ജീവിതത്തിലെ വേദനകളും സഹനങ്ങളും സമർപ്പിക്കുകയും, അതോടൊപ്പം പാപത്തിൽനിന്ന് അകന്നുജീവിക്കുകയും, ദണ്ഡവിമോചനത്തിനായുള്ള മൂന്ന് നിബന്ധനനകളും, കഴിയുന്നതും വേഗം നടത്താമെന്ന ഉദ്ദേശത്തോടെ ഇത്തരമൊരു വിമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്ന രോഗികളായ വയോധികർക്കും, അവരെ പരിപാലിക്കുന്നവർക്കും, വീടുകളിൽനിന്ന് ഗുരുതരമായ കാരണങ്ങളാൽ പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും പൂർണ്ണദണ്ഡവിമോചനം ലഭ്യമാകുമെന്നും സഭാകോടതി വ്യക്തമാക്കി.

കെട്ടുകൾ അഴിക്കാൻ സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന അനുവാദമനുസരിച്ച് അജപാലനകാരുണ്യത്തിന്റെ ഈയൊരു അവസരം ഏവർക്കും സംലഭ്യമാകുന്നതിലേക്കായി, കൃത്യമായ അനുവാദമുള്ള എല്ലാ വൈദികരും, കുമ്പസാരം ശ്രവിക്കാനായി തയ്യാറാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറിയുടെ ഡിക്രിയിൽ കർദ്ദിനാൾ ദൊണാത്തിസ് എഴുതി.

എഴുപത്തൊന്നാം സങ്കീർത്തനം ഒൻപതാം വാക്യത്തെ ആധാരമാക്കി, "വാർദ്ധക്യത്തിൽ എന്നെ കൈവിടരുതേ" എന്ന ആശയം മുന്നോട്ടുവച്ചായിരിക്കും മുത്തശ്ശീമുത്തച്ഛന്മാരുടെ ഇത്തവണത്തെ ആഗോളദിനം ആചരിക്കപ്പെടുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2024, 16:59