റോസാ മിസ്റ്റിക്ക മാതാവിന്റെ ദർശനസന്ദേശങ്ങൾ സഭാ പഠനങ്ങൾക്ക് എതിരല്ല: വിശ്വാസതിരുസംഘം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദർശനങ്ങളെകുറിച്ചുള്ള പുതിയ നിയമസംഹിത പ്രസിദ്ധീകരിച്ചതിനു പിന്നാലെ, ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനസന്ദേശങ്ങൾ , സഭാപഠനങ്ങൾക്ക് എതിരല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, വത്തിക്കാൻ വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, ബ്രെഷയിലെ മെത്രാൻ പിയർ അന്തോണിയോ ദ്രേമോലാദയ്ക്ക് കത്തയച്ചു. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെയാണ് കർദിനാൾ, വിശദമായ പഠനനിഗമനങ്ങളോടെ കത്ത് തയാറാക്കി കൈമാറിയത്.
എഴുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് 1947 ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ ‘അമ്മ ‘റോസാ മിസ്റ്റിക്കാ മാതാവ്’ എന്ന പേരിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദുഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്, എന്നാൽ അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു.
ഈ ദർശനസന്ദേശങ്ങൾ സഭാപഠനങ്ങൾക്കോ, സാന്മാർഗിക മൂല്യങ്ങൾക്കോ എതിരല്ലെന്ന് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനായി ദർശനത്തിന്റെ ഓരോ പ്രത്യേകതകൾ ഇനിയും വ്യക്തതകൾക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ദർശനം കിട്ടിയ വ്യക്തിയുടെ എളിമയാർന്ന ജീവിതവും, ലാളിത്യവും കത്തിൽ അടിവരയിട്ടു പറയുന്നു.
പരിശുദ്ധ അമ്മയുടെ പ്രവർത്തനങ്ങളിൽ എളിമയോടുകൂടി വിശ്വാസമർപ്പിക്കുന്ന ദർശകന്റെ ജീവിതം, എടുത്തു പറയുന്നതോടൊപ്പം, തന്റെ ഡയറിയിൽ കുറിച്ചിരിക്കുന്ന വചനങ്ങളും കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാതാവിന്റെ ഓരോ ദർശനവും, ക്രിസ്തുവിലേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തുന്നതിനാൽ, സഭാ കൂട്ടായ്മയുടെ ശക്തമായ ബോധം പ്രകടിപ്പിക്കുന്നുവെന്ന് കത്തിൽ അടിവരയിട്ടു പറയുന്നു.
കൂടാതെ, "പ്രാർത്ഥന - ത്യാഗം - തപസ്സ്" എന്നീ പുണ്യങ്ങൾ സൂചിപ്പിക്കുന്ന മൂന്നു റോസാപ്പൂവുകൾ, എല്ലാ വിശ്വാസികളെയും അഭിസംബോധന ചെയ്യുന്നതായി കരുതേണ്ടതില്ലയെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. റോസ മിസ്റ്റിക്കയുമായി ബന്ധപ്പെട്ട് പിയറിന ഗില്ലി വിവരിച്ച അനുഭവങ്ങളിൽ നിന്ന് വരുന്ന ആത്മീയ ചിന്തകളിൽ, സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ ദൈവശാസ്ത്രപരമോ, ധാർമ്മികമോ ആയ ഘടകങ്ങൾ അടങ്ങിയിട്ടില്ലെന്നും കത്തിൽ വിലയിരുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: