തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ വലിയ മെത്രാപ്പോലീത്ത സ്വിയത്തൊസ്ലാവ് ഷെവ്ചുക്കുമൊത്ത്,സ 21/07/24 വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ വലിയ മെത്രാപ്പോലീത്ത സ്വിയത്തൊസ്ലാവ് ഷെവ്ചുക്കുമൊത്ത്,സ 21/07/24  

ദൈവത്തിനു സകലതും സാധ്യമാണെന്ന ബോധ്യത്തിൽ നിന്ന് ശാന്തിക്കായുള്ള പ്രാർത്ഥന ഉയരട്ടെ!

കർദ്ദിനാൾ പരോളിൻ ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ വലിയ മെത്രാപ്പോലീത്ത സ്വിയത്തൊസ്ലാവ് ഷെവ്ചുക്കുമായി കിയിവ് ഹലിക്കിലെ മെത്രാസനമന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ പ്രതീക്ഷകൾ പരിമിതിയും പരിധിയുമുള്ളതാണെങ്കിലും ദൈവം നമ്മെയും നമ്മുടെ ഹൃദയത്തെയും നമ്മുടെ സാദ്ധ്യതകളെയുംകാളൊക്കെ വലിയവനും ദൈവത്തിന് എല്ലാം സാധ്യവുമാണെന്ന ബോധ്യത്തിൽ നിന്ന് നാം സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

ഉക്രൈയിൻ സന്ദർശന വേളയിൽ അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ വലിയ മെത്രാപ്പോലീത്ത സ്വിയത്തൊസ്ലാവ് ഷെവ്ചുക്കുമായി കിയിവ് ഹലിക്കിലെ മെത്രാസനമന്ദിരത്തിൽ വച്ച് ജൂലൈ 21-ന് ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയുടെ അവസാനത്തിലാണ് കർദ്ദിനാൾ പരോളിൻ അന്നു രാവിലെ താൻ ബേർദിച്ചിവ് മരിയൻ ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ പങ്കുവച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

സന്തോഷകരമായ ഒരു വേളയിലല്ല തൻറെ ഈ സന്ദർശനമെന്ന് അന്നാടിലെ യുദ്ധാവസ്ഥയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞ അദ്ദേഹം അതുകൊണ്ടു തന്നെ ഉക്രൈയിനിലെ ജനങ്ങളുമൊത്തു പ്രാർത്ഥിക്കുന്നതിനും പാപ്പായുടെ സാമീപ്യത്തിൻറെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് താൻ എത്തിയതെന്ന് വ്യക്തമാക്കി.

പാപ്പായുടെ ഈ സാമീപ്യം ഉക്രൈയിനിലെ ജനതയുടെ വേദനയിൽ പങ്കുചേരുന്നതും സമാധാന സരണി തുറക്കുന്നതിന് സഹായിക്കുന്നതിനുദ്ദേശിച്ചുള്ളതുമാണെന്ന് കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.

ഉക്രൈയിനിലെ ലത്തീൻ കത്തോലിക്കർ അന്നാട്ടിലെ ബേർദിച്ചിവ് മരിയൻ പവിത്രസന്നിധാനത്തിലേക്കു നടത്തുന്ന തീർത്ഥാടനത്തിൻറെ സമാപനം കുറിക്കുന്നതിനും ഈ ദേവാലയം ചെറുബസിലിക്കയായി ഉയർത്തുന്നതിനും ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പത്തൊമ്പതാം തീയിതി വെള്ളിയാഴ്ച (19/07/24) എത്തിയ കർദ്ദിനാൾ പരോളിൻ ഇരുപത്തിനാലാം തീയതി ബുധനാഴ്ച വത്തിക്കാനിലേക്കു മടങ്ങും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2024, 12:46