ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച 

വികസ്വര ദ്വീപുരാജ്യങ്ങളുടെ സുസ്ഥിരവികസനത്തിന് അന്താരാഷ്ട്രസമൂഹം സഹായമേകണമെന്ന് ആർച്ച്ബിഷപ് കാച്ച

വികസ്വര ദ്വീപുരാജ്യങ്ങളുടെ വളർച്ചയിൽ അന്താരാഷ്ട്രസമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. അജണ്ട 2023-ലെ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ഏവരുടെയും സംയുക്തപരിശ്രമം ആവശ്യം. വികസ്വരരാജ്യങ്ങളുടെ കടക്കെണികൾ ലഘൂകരിക്കാൻ സമ്പന്നരാജ്യങ്ങൾ തയ്യാറാകണം. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ കൂടുതൽ ധനനിക്ഷേപം ആവശ്യം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വികസ്വര ദ്വീപുരാജ്യങ്ങളുൾപ്പെടെ, ബുദ്ധിമുട്ടുകൾ നേരിടുന്ന രാജ്യങ്ങൾക്കും തങ്ങളുടെ സുസ്ഥിരവികസനം സാധ്യമാക്കാൻ സാധിക്കുന്നതിൽ, അന്താരാഷ്ട്രസമൂഹത്തിനുള്ള ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച് ഐകരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ജൂലൈ 10 ബുധനാഴ്ച ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് "വികസ്വര ചെറുദ്വീപുരാജ്യങ്ങൾ: ചെറുദ്വീപുരാജ്യങ്ങളെക്കുറിച്ചുള്ള നാലാം സമ്മേളനത്തിന്റെ ഫലങ്ങൾ നടപ്പാക്കൽ" എന്ന പേരിൽ നടന്ന ഉന്നതതല രാഷ്ട്രീയയോഗത്തിൽ സംസാരിക്കവെയാണ് വത്തിക്കാൻ നയതന്ത്രപ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വൻ കടബാധ്യതകളും, കുറഞ്ഞതോതിലുള്ള വളർച്ചാനിരക്കും, ഭക്ഷ്യ അരക്ഷിതാവസ്ഥയും, പോഷകാഹാരക്കുറവും, കാലാവസ്ഥാ, പ്രകൃതിദുരന്തങ്ങൾക്കുള്ള കൂടിയ സാധ്യതകളും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ സുസ്ഥിരവികസനം നേടുവാനുള്ള ലക്ഷ്യത്തിലെത്തുന്നതിന് തടസ്സമായി നിൽക്കുന്നുവെന്ന് ആർച്ച്ബിഷപ് കാച്ച ചൂണ്ടിക്കാട്ടി.

2030 അജണ്ടയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, ഏറ്റവും പിന്നിലുള്ളവരെ ആദ്യം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ വത്തിക്കാൻ പ്രതിനിധി, "പൊതുവായ ഒരു ഭാവിയെ കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ പരിശ്രമങ്ങളിൽ, മറ്റുള്ളവരുടെ ദൗർബല്യങ്ങളുടെ ഉത്തരവാദിത്വം നമ്മുടേതാണെന്ന" ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ വാക്കുകൾ ഉദ്ധരിച്ചു. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളുടെ പ്രത്യേക വികസന ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുക എന്നത് ഒരു സാധ്യതയല്ല, മറിച്ച് അന്താരാഷ്ട്രസമൂഹത്തിന്റെ മൗലികമായ ഉത്തരവാദിത്വമാണെന്ന് ആർച്ച്ബിഷപ് കാച്ച ഓർമ്മിപ്പിച്ചു.

ആന്റിഗ്വാ, ബാർബുഡ രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട അജണ്ട, വികസ്വര ദ്വീപുരാജ്യങ്ങളുടെ സുസ്ഥിരവികസനത്തിനായുള്ള അജണ്ടയുടെ ഭാഗമാക്കിയത്, അന്താരാഷ്ട്രസമൂഹത്തിന് ചെറുകിട വികസ്വര രാജ്യങ്ങളുടെ കാര്യത്തിലുള്ള പ്രത്യേക താത്പര്യം വ്യക്തമാക്കുന്നതാണെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ പ്രസ്‌താവിച്ചു. ഇതിലേക്കായി അംഗരാജ്യങ്ങൾ നിക്ഷേപസാധ്യതകൾക്കുള്ള സാമ്പത്തികയിടങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസ്വര ദ്വീപുരാജ്യങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് പരാമർശിച്ച ആർച്ച്ബിഷപ് കാച്ച, ആന്റിഗ്വാ, ബാർബുഡ അജണ്ടകൾ ആരംഭിക്കുന്നതിന് മുൻപുതന്നെ ഇത്തരം സാഹചര്യങ്ങൾ അവയ്ക്ക് ഭീഷണിയുയർത്തുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. വികസ്വര ചെറുദ്വീപുരാജ്യങ്ങളുടെ കടക്കെണികൾ, അത്തരം രാജ്യങ്ങൾ ദാരിദ്രനിർമ്മാർജ്ജനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞ വത്തിക്കാൻ നയതന്ത്രജ്ഞൻ, വികസ്വര ചെറുദ്വീപുരാജ്യങ്ങളുടെ പുരോഗമനം നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷാപദ്ധതികൾ എന്നിവയെ ഉന്നം വച്ചുകൊണ്ട് സാമ്പത്തികനിക്ഷേപങ്ങൾക്കായി ഇടങ്ങൾ കണ്ടെത്താൻ നാം പരിശ്രമിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

വികസ്വരരാജ്യങ്ങൾക്ക് കടാശ്വാസം നൽകുന്നതും, കടങ്ങൾ എഴുതിത്തള്ളുന്നതും പരിഗണിക്കാൻ സമ്പന്നരാജ്യങ്ങളോട് പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാപദ്ധതികൾക്കായി തങ്ങളുടെ ധനം വിനിയോഗിക്കാൻ വികസ്വര ദ്വീപുരാജ്യങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറന്ന ഇടപെടലുകളിലൂടെയും, മെച്ചപ്പെട്ട സഹകരണത്തിലൂടെയും, വികസ്വര ദ്വീപുരാജ്യങ്ങളുടെ സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം ശക്തമാക്കാൻ എല്ലാ അംഗരാജ്യങ്ങളെയും ആഹ്വാനം ചെയ്‌ത ആർച്ച്ബിഷപ് കാച്ച, പൊതുവായ പരിശ്രമങ്ങളിലൂടെയും ഉത്തരവാദിത്വത്തിലൂടെയുമേ, വികസ്വര ദ്വീപുരാജ്യങ്ങളുടെയും, അതുവഴി എല്ലാ രാജ്യങ്ങളുടെയും ശക്തവും മെച്ചപ്പെട്ടതുമായ ഭാവി ഒരു യാഥാർത്ഥ്യമാകൂ എന്ന് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2024, 16:12