തിരയുക

ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച 

സമഗ്രമാനവവികസനത്തിനായുള്ള സുസ്ഥിരമാർഗ്ഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം: ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച

അജണ്ട 2030 മാറ്റിമറിക്കാനല്ല, അത് ഭംഗിയായി നടപ്പാക്കാനും അതുവഴി, ഏവരുടെയും സമഗ്രവികസനം സാധ്യമാക്കാനും പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ്, ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധിയും ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകനുമായ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. സുസ്ഥിരവികസനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയയോഗത്തിൽ സംസാരിക്കവെ, ലോകരാജ്യങ്ങൾ സമഗ്രമാനവവികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി ഓർമ്മിപ്പിച്ചു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

എല്ലാ മനുഷ്യരുടെയും സമഗ്രവികസനം സാധ്യമാക്കാനുള്ള സുസ്ഥിരവികസനമാർഗ്ഗങ്ങൾ സ്വീകരിച്ച്, അവ നടപ്പാക്കുന്നതിൽനിന്ന് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ പിന്നോക്കം പോകരുതെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. മനുഷ്യരിൽ അന്തർലീനവും, ദൈവത്താൽ നല്കപ്പെട്ടതുമായ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അജണ്ട 2030-ലെന്ന് ഫ്രാൻസിസ് പാപ്പാ 2015-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പറഞ്ഞത്, ജൂലൈ 17 ബുധനാഴ്ച നടത്തിയ തന്റെ പ്രഭാഷണത്തിൽ ആർച്ച്ബിഷപ് കാച്ച ആവർത്തിച്ചു.

അജണ്ട 2030 നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച്, കഴിഞ്ഞ വർഷം സുസ്ഥിരവികസനലക്ഷ്യങ്ങളെക്കുറിച്ചുള്ള ഉച്ചകോടിയിൽ തീരുമാനമെടുത്തിരുന്നതാണെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏറെ നടന്നിട്ടുണ്ടെന്നത് എടുത്തുപറഞ്ഞ ആർച്ച്ബിഷപ് കാച്ച, എന്നാൽ അജണ്ട 2030-ന്റെ ലക്ഷ്യങ്ങൾ പലതും ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ല എന്നത് എടുത്തുപറഞ്ഞു. ഇത്തരുണത്തിൽ, സമഗ്രമാനവികവികസനം സാധ്യമാകുന്നതിലേക്കായി സുസ്ഥിരവികസനലക്ഷ്യങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കാനുള്ള നടപടികൾ എടുക്കാൻ അംഗരാജ്യങ്ങൾ സന്നദ്ധമാകണമെന്ന്  വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു.

മാനവികത നേരിടുന്ന ആഗോള പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനുള്ള സമയം കുറഞ്ഞുവരികയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്, വത്തിക്കാൻ പ്രതിനിധി ആവർത്തിച്ചു. ഐക്യത്തോടെയും, പരസ്പരധാരണയോടെയും പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാവൂ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. ദാരിദ്ര്യം, പട്ടിണി, കാലാവസ്ഥാപ്രതിസന്ധി, സംഘർഷങ്ങൾ തുടങ്ങി, മാനവികത നേരിടുന്ന പ്രതിസന്ധികളിലേക്ക് ആർച്ച്ബിഷപ് കാച്ച ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായി, ഒത്തൊരുമയോടെയുള്ള പ്രവർത്തനവും, ശക്തമായ അന്താരാഷ്ട്രസഹകരണവും, രാജ്യാതിർത്തികളും, വ്യത്യസ്ത ആശയങ്ങളുടെ അതിർവരമ്പുകളും ഭേദിച്ച് ഒരുമിച്ച് മുന്നോട്ട് പോകുന്നതും ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ഭാവിയെക്കുറിച്ചുള്ള നിലവിലെ ഉച്ചകോടി, അജണ്ട 2030-ന്റെ പദ്ധതികൾ മാറ്റിമറിക്കാനുള്ളവയാകരുതെന്നും, പൊതുവായി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾ കൂടുതലായി നടക്കണമെന്നും ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് കാച്ച, എല്ലാവർക്കും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി, ഐക്യത്തിന്റെ മനോഭാവത്തോടെ ദ്രുതഗതിയിൽ അജണ്ട 2030 യാഥാർത്ഥ്യമാകാൻ ഏവരും സഹകരിക്കണമെന്നും ഓർമ്മിപ്പിച്ചു.

ഐക്യരാഷ്ട്രസഭ, ഭാവിയെക്കുറിച്ച് നടത്തുന്ന ഉച്ചകോടി, അന്ത്രരാഷ്ട്രസമൂഹത്തിന്റെ കൂട്ടായ പ്രയത്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാനശ്രമമായിരിക്കണമെന്ന് ആർച്ച്ബിഷപ് കാച്ച ആവശ്യപ്പെട്ടു. മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കൽ, പൊതുനന്മ നേടൽ, ഭൂമിയുടെ പരിപാലനം, സുസ്ഥിരവും, നീതിയുക്തവും, സമാധാനപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ എന്നീ ലക്ഷ്യങ്ങൾ നമ്മെ നയിക്കട്ടെയെന്ന് അദ്ധേഹം ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2024, 16:54