വത്തിക്കാൻ ബസിലിക്കയുടെ ശിൽപ്പപരിപാലന സംഘത്തിൽ വനിതകളും
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ചരിത്രപ്രസിദ്ധമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ശില്പങ്ങളും, മറ്റു കലകളും സംരക്ഷിക്കുന്നതിനുള്ള നിപുണ സംഘത്തിൽ, ഏകദേശം അരനൂറ്റാണ്ടിനുശേഷം വനിതകളെ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമാകുന്നു. സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെപ്പറ്റി ഏറെ പഠനങ്ങളും, ചർച്ചകളും നടക്കുന്ന അവസരത്തിലാണ് ചരിത്രപരമായ ഈ തീരുമാനം വത്തിക്കാൻ കൈക്കൊള്ളുന്നത്.
ഇറ്റലിയിലെ പാദുവയിൽ നിന്നുള്ള ഇരുപത്തിയാറുകാരിയായ ലിസയും, റേജ്ജോ കലാബ്രിയയിൽ നിന്നുള്ള ഇരുപത്തിയൊന്നു വയസുകാരിയായ മിരിയാനയുമാണ് സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകൾ. ഇരുവരും ശില്പകലാരംഗത്ത് വൈദഗ്ധ്യമുള്ളവരും, കലയിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയവരുമാണ്. വത്തിക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘം ‘ഫാബ്രിക്ക ദി സാൻ പിയെത്രോ’ എന്നാണ് അറിയപ്പെടുന്നത്. 1500 കളിൽ, സ്ത്രീകൾ ഇത്തരം ശില്പകലാസംഘത്തിൽ ഉൾപ്പെട്ടിരിന്നുവെങ്കിലും, ഇതാദ്യമായാണ് ഫാബ്രിക്ക രൂപം കൊണ്ടതിനുശേഷം വനിതാപ്രാതിനിധ്യം ഉണ്ടാകുന്നത്.
വത്തിക്കാൻ നടത്തുന്ന കലാപരമായ വിവിധ കോഴ്‌സുകളിലും നിരവധി സ്ത്രീകളുടെ സാന്നിധ്യം, സഭ സ്ത്രീകൾക്ക് നൽകുന്ന വലിയ പ്രാധാന്യത്തെയും, സിനഡൽ സഭയിൽ സ്ത്രീകളുടെ പങ്കിനെയുമാണ് എടുത്തു കാണിക്കുന്നത്. വത്തിക്കാൻ പേപ്പൽ ബസിലിക്കയുടെ മാധ്യമവിഭാഗം ഡയറക്ടർ ഫാ. എൻസോ ഫോർത്തുണാത്തോയാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: