വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പരോളിൻ ഉക്രൈയിനിലെത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതിനുള്ള പാത കണ്ടെത്താൻ സാധിക്കട്ടെയെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
ഉക്രൈയിനിലെ ലത്തീൻ കത്തോലിക്കർ അന്നാട്ടിലെ ബേർദിച്ചിവ് മരിയൻ പവിത്രസന്നിധാനത്തിലേക്കു നടത്തുന്ന തീർത്ഥാടനത്തിൻറെ സമാപനം കുറിക്കുന്നതിനും ഈ ദേവാലയം ചെറുബസിലിക്കയായി ഉയർത്തുന്നതിനും ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പത്തൊമ്പതാം തീയിതി വെള്ളിയാഴ്ച (19/07/24) എത്തിയ കർദ്ദിനാൾ പരോളിൻ ഒരു അഭിമുഖത്തിലാണ് ഈ പ്രത്യാശ പ്രകടിപ്പിച്ചത്.
ഈ ഇരുപത്തിയൊന്നിന്, ഞായറാഴ്ചയാണ് ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ ഈ ചടങ്ങുകൾ. പരിശുദ്ധ കന്യകാമറിയത്തോടുള്ള സമാധാന പ്രാർത്ഥനയാണ് തൻറെ ഈ യാത്രയിൽ പ്രഥമസ്ഥാനത്തു നില്ക്കുന്നതെന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ താൻ ഉക്രൈയിൻറെ ഭരണാധികാരികളുമായി, പ്രത്യകിച്ച്, പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാൻസീസ് പാപ്പായ്ക്ക് ഉക്രൈയിനിൻറെ കാര്യത്തിലുള്ള സവിശേഷ ഔത്സുക്യവും സമാധാനത്തെക്കുറിച്ചുള്ള വലിയ പ്രത്യാശയും കർദ്ദിനാൾ പരോളിൻ വെളിപ്പെടുത്തി. ഈ മാസം ഇരുപത്തിനാലാം തീയതി ബുധനാഴ്ച വരെ അദ്ദേഹം അന്നാട്ടിലുണ്ടാകും. കിയെവിലെ ഗ്രീക്ക് കത്തോലിക്ക കത്തീദ്രൽ സന്ദർശിക്കാനും ആ സഭയുടെ മേജർ ആർച്ചുബിഷപ്പുമായും മതപൗരാധികാരികളുമായും കൂടിക്കാഴ്ച നടത്താനും കർദ്ദിനാൾ പരോളിനു പരിപാടിയുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: