രാഷ്ട്രീയ അക്രമങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി വത്തിക്കാൻ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
അമേരിക്കയിലെ പെൻസിൽവാനിയയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടന്ന ആക്രമണം, ജനാധിപത്യത്തിനേറ്റ മുറിവാണെന്നും, അക്രമരാഷ്ട്രീയമല്ല, സമാധാനത്തിന്റെ രാഷ്ട്രീയമാണ് ആവശ്യമായതെന്നും, പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താകുറിപ്പിൽ അറിയിച്ചു. അമേരിക്കൻ തിരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ വച്ചാണ്, തോമസ് മാത്യു എന്ന ചെറുപ്പക്കാരൻ ഡൊണാൾഡ് ട്രംപിനെതിരെ വെടിയുതിർത്തത്. അക്രമത്തിൽ, ട്രംപിന് നിസാര പരിക്കുകളാണെങ്കിലും, മറ്റൊരു വ്യക്തി മരണപ്പെടുകയും, രണ്ടുപേർക്ക് സാരമായ പരിക്കുകളേൽക്കുകയും ചെയ്തു. തുടർന്ന് അക്രമിയും തുടർന്ന് കൊല്ലപ്പെട്ടു.
ജൂലൈ പതിനാലാം തീയതി നടന്ന പത്രസമ്മേളന അവസരത്തിലാണ്, പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്കകൾ പങ്കുവച്ചത്. അക്രമങ്ങൾ ജനങ്ങളെയും , ജനാധിപത്യത്തെയും, വേദനകളും, ജീവഹാനിയും മാത്രം നൽകിക്കൊണ്ട് മുറിവേൽപ്പിക്കുന്ന ഒന്നാണെന്ന്, അടിവരയിട്ടു പറഞ്ഞു. അമേരിക്കക്കു വേണ്ടിയും, ആക്രമണത്തിൽ ഇരകളായവർക്കും, രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും, ഹിംസയുടെ യുക്തി പ്രബലപ്പെടാതിരിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു.
ട്രംപിനെതിരെ നടന്ന അക്രമത്തെ, പ്രസിഡന്റ് ജോ ബൈഡനും നിരുപാധികം അപലപിച്ചു. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും, അമേരിക്കക്കാരെന്ന നിലയിൽ ഇത്തരം അക്രമങ്ങൾക്കെതിരെ നാം യോജിച്ചു നിൽക്കണമെന്നും ബൈഡൻ ആഹ്വാനം ചെയ്തു. സംഭവത്തിൽ അമേരിക്കയിലെ കത്തോലിക്കാസഭയും, എതിർപ്പ് രേഖപ്പെടുത്തി.
അക്രമത്തിൽ കൊല്ലപ്പെടുകയും, പരിക്കുകളേൽക്കുകയും ചെയ്തവർക്ക്, പ്രാർത്ഥനാസഹായവും സഭ വാഗ്ദാനം ചെയ്തു. രാഷ്ട്രീയ വിയോജിപ്പുകൾക്ക് ഒരിക്കലും പരിഹാരമാകാത്ത രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും തയാറാകണമെന്ന്, അമേരിക്കൻ മെത്രാൻ സമിതിയുടെ തലവൻ ആർച്ചുബിഷപ്പ് തിമോത്തി പി ബ്രോളിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഹിംസാത്മകവും, സംഭാഷണാധിഷ്ഠിതവുമായ രാഷ്ട്രീയപ്രവർത്തനങ്ങളാണ് ഏറെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: