തിരയുക

"എല്ലാ ജനതകളുടെയും മാതാവ്" എന്ന പേരിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രം "എല്ലാ ജനതകളുടെയും മാതാവ്" എന്ന പേരിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രം 

ആംസ്റ്റർഡാമിൽ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തെക്കുറിച്ചുള്ള സഭാതീരുമാനം പരസ്യപ്പെടുത്തി വത്തിക്കാൻ

ആംസ്റ്റർഡാമിൽ പരിശുദ്ധ അമ്മ "എല്ലാ ജനതകളുടെയും മാതാവ്" എന്ന പേരിൽ പ്രത്യക്ഷപ്പെട്ടു എന്ന അവകാശവാദത്തിന്മേൽ വിശ്വസതിരുസംഘം നടത്തിയ പ്രതികൂലവിധി പരസ്യമാക്കി വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി. ആംസ്റ്റർഡാമിലുള്ള ഈട പീഡർമാൻ എന്ന വനിതയ്ക്ക് അൻപതിലേറെത്തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തിനെതിരെ 1974-ൽ പ്രഖ്യാപിക്കപ്പെട്ട വിധി, ഇതിൽ സഭ "അമാനുഷികമായി ഒന്നും കാണുന്നില്ലെന്ന്" വ്യക്തമാക്കിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആംസ്റ്റർഡാമിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെട്ടു എന്ന അവകാശവാദം സംബന്ധിച്ച് പോൾ ആറാമൻ പാപ്പാ 1974-ൽ പുറപ്പെടുവിച്ച പ്രതികൂലവിധി വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഇതാദ്യമായി പരസ്യപ്പെടുത്തി. 1945 മാർച്ച് 25-ന് പരിശുദ്ധ അമ്മ "എല്ലാ ജനതകളുടെയും മാതാവ്" എന്ന പേരിൽ തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്ന ആംസ്റ്റർഡാമിലുള്ള ഈട പീഡർമാൻ എന്ന വനിതയുടെ അവകാശവാദത്തിനെതിരെയാണ് അന്നത്തെ "വിശ്വസതിരുസംഘം" വിധി പറഞ്ഞിരുന്നത്. പരിശുദ്ധ അമ്മ ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അവിടെ അമാനുഷികമായ ഒന്നും കാണുന്നില്ല" എന്നായിരുന്നു 1974 മാർച്ച് 27-ആം തീയതി വിശ്വസതിരുസംഘം ഏകകണ്ഡേന നൽകിയ വിധി. 1974 ഏപ്രിൽ 5-ആം തീയതി പോൾ ആറാമൻ പാപ്പാ ഈ വിധി സ്ഥിരീകരിച്ചിരുന്നു. ജൂലൈ 11 വ്യാഴാഴ്ച നൽകിയ ഒരു പത്രക്കുറിപ്പിലൂടെയാണ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടൽ ഉണ്ടായെന്ന അവകാശവാദത്തെ ഹനിക്കുന്ന ഈ വിധിയെക്കുറിച്ച് വത്തിക്കാൻ ഡികാസ്റ്ററി പരസ്യമായ വിശദീകരണം നൽകിയത്.

1945 മാർച്ച് 25-ന് പരിശുദ്ധ അമ്മ തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെട്ട ഈട പീഡർമാൻ, പിന്നീട് 55 പ്രാവശ്യം കൂടി പരിശുദ്ധ കന്യകാമറിയം തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്നും, നിരവധി സന്ദേശങ്ങൾ നൽകിയെന്നും പ്രസ്താവിച്ചിരുന്നു. പന്ത്രണ്ടാം പിയൂസ് പാപ്പായുടെ മരണമുൾപ്പെടെയുള്ള കാര്യങ്ങൾ പരിശുദ്ധ അമ്മ തനിക്ക് വെളിപ്പെടുത്തിയിരുന്നെന്നും, പരിശുദ്ധ അമ്മയുടേതായി ഒരു ചിത്രം തന്നെ കാണിച്ചുവെന്നും ഈട അവകാശപ്പെട്ടിരുന്നു. പരിശുദ്ധ അമ്മയെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കന്യകാമറിയം തനിക്ക് നൽകിയെന്ന് ഈട, 1952 ഡിസംബർ 8-ന് തനിക്ക് ലഭിച്ചുവെന്ന് അവകാശപ്പെട്ട ഒരു പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു.

ഫ്രാൻസിസ് പാപ്പാ അടുത്തിടെ നടത്തിയിരുന്ന രണ്ടു പ്രസ്‌താവനകൾ ഈയവസരത്തിൽ ശ്രദ്ധേയമാണ്. 2020 ഏപ്രിൽ മാസം മൂന്നാം തീയതി, സാന്താ മാർത്ത ഭവനത്തിൽ വിശുദ്ധ ബലിമധ്യേ നൽകിയ പ്രസംഗത്തിൽ, "പരിശുദ്ധ അമ്മ യേശുവിൽനിന്ന് ഒരു പദവിയും എടുത്തുമാറ്റാൻ ശ്രമിച്ചിരുന്നില്ല എന്നും, “ഒരു സഹരക്ഷകയോ, അതിനു തുല്യയോ ആകാൻ അവൾ ആവശ്യപ്പെട്ടിട്ടില്ല” എന്നും, “രക്ഷകൻ ഒരാളേയുള്ളൂ” എന്നും “ഈയൊരു തലക്കെട്ട് ഇരട്ടിക്കപ്പെട്ടിട്ടില്ല" എന്നും ഉദ്ബോധിപ്പിച്ചിരുന്നു. "ക്രിസ്തുവാണ് ഏക രക്ഷകൻ എന്നും, ക്രിസ്തുവിനോടുകൂടി മറ്റൊരു സഹരക്ഷകൻ ഇല്ലെന്നും" 2021 മാർച്ച് 24-ആം തീയതി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ ആവർത്തിച്ചിരുന്നു.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സംബന്ധിച്ച് വിശ്വസതിരുസംഘം പുറപ്പെടുവിച്ച നിർണ്ണായകവിധി, 2024 ജൂലൈ 11 വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനം പരസ്യപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസം വരെ, അമാനുഷികമായ പ്രതിഭാസങ്ങൾ സംബന്ധിച്ചുള്ള സമഗ്രമായ വിധികൾ പൊതുവായി പരസ്യപ്പെടുത്തുന്ന പതിവില്ലായിരുന്നു. പ്രാദേശികരൂപതയിലെ മെത്രാന്മാർക്കായിരുന്നു ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറുക. ചുരുക്കം ചിലയവസരങ്ങളിൽ മാത്രമാണ് പൊതുവായ ചില പ്രസ്താവനകൾ ഇത്തരം വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡികാസ്റ്ററി നൽകിയിരുന്നത്. എങ്കിലും, 1945 മുതൽ 1959 വരെ നീണ്ടുനിന്നുവെന്ന് പറയപ്പെടുന്ന ഇത്തരമൊരു പ്രതിഭാസത്തെക്കുറിച്ച് അടുത്തിടെ നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നതിനെത്തുടർന്നാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഇതുസംബന്ധിച്ച കാര്യങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനിച്ചത്. അജപാലകർക്കും ദൈവജനത്തിനും ഇതുമായി ബന്ധപ്പെട്ട് വിശ്വാസപരമായി ഉചിതമായ നിഗമനങ്ങളിലേക്കെത്തിച്ചേരാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് സഭ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2024, 16:18