ഉക്രൈനിലേക്ക് വീണ്ടും വത്തിക്കാനിൽ നിന്നുള്ള സഹായം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പാപ്പായുടെ അംഗരക്ഷകരായ സ്വിസ്സ് ഗാർഡിന്റെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രങ്ങൾ, ശുചിത്വ ഉൽപ്പന്നങ്ങൾ, മരുന്നുകൾ എന്നിവ കയറ്റിയ ട്രക്കുകൾ വീണ്ടും ഉക്രൈനിലെ ഖാർഖിവിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ അടുക്കലേക്കെത്തി. പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനങ്ങൾ ഉക്രൈനിൽ ഏകോപിപ്പിക്കുന്നത് ഗ്രീക്ക് കത്തോലിക്കാ എക്സർക്കേറ്റാണ്. അതിർത്തിയിൽ നിന്നും കുടിയൊഴിഞ്ഞുപോയ ആളുകൾ, ദേവാലങ്ങളുടെ വാതിലുകൾ മുട്ടി സഹായം അഭ്യർത്ഥിക്കുമ്പോൾ, അവരുടെ പട്ടിണി മാറ്റുവാൻ പാപ്പായുടെ സഹായം ഏറെ പ്രയോജനപ്പെടുന്നുവെന്ന് മെത്രാന്മാർ അഭിപ്രായപ്പെടുന്നു.
വത്തിക്കാനിൽ നിന്നുള്ള സംഘത്തെ, വത്തിക്കാന്റെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയാണ് നയിക്കുന്നത്. യുദ്ധം തുടങ്ങിയ നാൾ മുതൽ, ഏറെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനതയ്ക്കുവേണ്ടി പലപ്പോഴായി ഫ്രാൻസിസ് പാപ്പാ സഹായം നൽകിയിരുന്നു. രോഗികളെയും, പരിക്കേറ്റവരെയും സംരക്ഷിക്കുവാനുതകും വിധം ആംബുലൻസുകളും ഫ്രാൻസിസ് പാപ്പാ നൽകിയിട്ടുണ്ട്.
പാപ്പായുടെ ഈ സഹായങ്ങൾക്ക് ഖാർകിവ് എക്സാർക്കേറ്റിലെ ഗ്രീക്ക് കത്തോലിക്കാ മെത്രാൻ വാസിൽ തുച്ചാപെറ്റ്സ് പ്രത്യേകം നന്ദിയർപ്പിച്ചു. ഈ സംരംഭം, നിസ്വാർത്ഥമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി കർദിനാളും പ്രത്യേകം അറിയിച്ചു. സുരക്ഷാകാരണങ്ങളാൽ നിരവധിതവണ പാതിവഴിയിൽ ദൗത്യം ഉപേക്ഷിക്കേണ്ടതായി വന്ന അനുഭവങ്ങളും കർദിനാൾ പങ്കുവച്ചു. പീഡിപ്പിക്കപ്പെടുന്ന ഉക്രേനിയൻ ജനതയോടുള്ള തന്റെ പ്രത്യേകമായ അടുപ്പം എപ്പോഴും അറിയിക്കുന്ന പാപ്പായുടെ ഹൃദയവിശാലതയ്ക്കും കർദിനാൾ നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: