തിരയുക

റിമിനി സമ്മേളനത്തിൽ കർദിനാൾ പിറ്റ്സബല്ല റിമിനി സമ്മേളനത്തിൽ കർദിനാൾ പിറ്റ്സബല്ല   (ANSA)

ഗാസയിൽ വെടിനിർത്തൽ അനിവാര്യമാണ്: കർദിനാൾ പിറ്റ്സബല്ല

ഇറ്റലിയിലെ റിമിനിയിൽ നടക്കുന്ന മനുഷ്യസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജെറുസലേമിന്റെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല വത്തിക്കാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, വിശുദ്ധ നാട്ടിൽ അനുരഞ്ജനസംഭാഷണം നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ബെനെദേത്ത  കപ്പേല്ലി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ - ഹമാസ്  സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക്, സമാധാനം കൈവരിക്കുവാൻ അനിവാര്യമായത് വെടിനിർത്തലിനുള്ള ചർച്ചകളും, അതിനുള്ള പരിശ്രമങ്ങളുമാണെന്ന് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല പറഞ്ഞു. ഇറ്റലിയിലെ റിമിനിയിൽ നടക്കുന്ന മനുഷ്യസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ്  ജെറുസലേമിന്റെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിറ്റ്സബല്ല. തദവസരത്തിൽ വത്തിക്കാൻ മാധ്യമത്തിനു അനുവദിച്ച കൂടിക്കാഴ്ചയിലാണ് അനുരഞ്ജനത്തിന്റെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത കർദിനാൾ അടിവരയിട്ടു പറഞ്ഞത്.

സൈനികമുന്നേറ്റം തടഞ്ഞുകൊണ്ട്, സ്ഥാപന തലത്തിൽ, രാഷ്ട്രീയ- മത നേതാക്കന്മാർ പരസ്പര വിശ്വാസം വളർത്തിയെടുക്കുവാനുള്ള പരിശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ ഇപ്പോഴും സമാധാനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നുവെന്നും, ഈ പ്രത്യാശ, മനുഷ്യകണ്ണുകളാൽ ദർശിക്കുവാൻ സാധിക്കാത്തത്, ആത്മാവിന്റെ മിഴികളാൽ ദർശിക്കുവാൻ സാധിക്കുമെന്ന ഉറപ്പാണെന്നും കർദിനാൾ എടുത്തു പറഞ്ഞു.

ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കത്തോലിക്കാ സഭ നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനമെന്നത്, ഒരു സംസ്കാരം തന്നെയായതിനാൽ, എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ നിന്നും എന്തെങ്കിലുമൊക്കെ ഈ സമാധാന സ്ഥാപനത്തിനായി സംഭാവന നൽകുവാൻസാധിക്കുമെന്നും, ഇത് എല്ലാ ജനതയുടെയും, പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിൻ്റെയും, അവിശ്വാസത്തിൻ്റെയും, അഗാധമായ അവഹേളനത്തിൻ്റെയും നാടക ഭൂമിയായ മധ്യപൂർവേഷ്യയിൽ, ഈ മനോഭാവങ്ങളെയെല്ലാം അതിജീവിക്കുവാൻ, പ്രാർത്ഥനയാണ് ഏറ്റവും വലിയ ശക്തിയെന്ന് കർദിനാൾ പറഞ്ഞു. രാഷ്ട്രീയ തലത്തിൽ ഉന്നതമായ സംഭാഷണങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2024, 15:56