തിരയുക

ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെൻ ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെൻ  (AFP or licensors)

ചൈന: തിയൻജീൻ രൂപതയുടെ മെത്രാന് സർക്കാർ അംഗീകാരം!

തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെന്നിനെ ചൈനയുടെ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു.ആഗസ്റ്റ് 27-നാണ് ഈ അംഗീകാരം ഉണ്ടായത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ചൈനയിലെ തിയൻജീൻ രൂപതയുടെ മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ ഔദ്യോഗിക അംഗീകാരം നല്കിയതിൽ പരിശുദ്ധസിംഹാസനം സന്തുഷ്ടി രേഖപ്പെടുത്തുന്നു.

ആഗസ്റ്റ് 27-ന് ചൊവ്വാഴ്ച (27/08/24) ആണ് ഈ അംഗീകാരം ഉണ്ടായതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തെയൊ ബ്രൂണി ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.

ബിഷപ്പ് മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ അംഗീകാരം നല്കിയ നടപടി പരിശുദ്ധസിംഹാസനവും ചൈനയുടെ സർക്കാരും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന സംഭാഷണത്തിൻറെ ഭാവാത്മകമായ ഒരു ഫലമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

മെത്രാൻ മെൽക്കിയോർ ഷി ഹോംങ്ജെൻ 1929 ഒക്ടോബർ 7-നാണ് ജനിച്ചത്. 1954 ജൂലൈ 4-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 ജൂൺ 15-ന് തിയൻജീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി അഭിഷിക്തനായി. 2019 ജൂൺ 8-ന് തിയൻജീൻ രൂപതയുടെ മെത്രാൻ സ്റ്റീഫൻ ലി സിദെ മരണമടഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിൻറെ പിൻഗാമിയായി ബിഷപ്പ് മെൽക്കിയോർ  സ്ഥാനമേൽക്കുകയായിരുന്നു.

പാപ്പായോടും പരിശുദ്ധസിംഹാസനത്തോടും കൂറുപുലർത്തുന്ന കത്തോലിക്കാ സഭയ്ക്ക് ചൈനയിൽ ഔദ്യോഗിക അംഗീകാരമില്ല. എന്നാൽ പാപ്പായെയും പരിശുദ്ധസിംഹാസനത്തെയും ആദരിക്കാത്ത ദേശഭക്ത കത്തോലിക്കാ സമൂഹത്തിന് അംഗീകാരമുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2024, 12:55