മോൺസിഞ്ഞോർ നോയൽ ട്രെനോറിന്റെ സംസ്കാരച്ചടങ്ങുകൾ ബെൽഫാസ്റ്റ് കത്തീഡ്രലിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കഴിഞ്ഞ ദിവസം ബ്രുക്സെലിൽ വച്ചു മരണപ്പെട്ട, യൂറോപ്യൻ യൂണിയനിലേക്കുള്ള വത്തിക്കാൻ സ്ഥാനപതി, മോൺസിഞ്ഞോർ നോയൽ ട്രെനോറിന്റെ, സംസ്കാര ചടങ്ങുകൾ ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി പ്രാദേശിക സമയം പന്ത്രണ്ടുമണിക്ക് ബെൽഫാസ്റ്റിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ വച്ചു നടത്തി. ചടങ്ങുകൾക്ക് ഡൗൺ ആൻഡ് കോനൊർ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ അലൻ മക്ഗൂക്യൻ കാർമ്മികത്വം വഹിച്ചു. മോൺസിഞ്ഞോർ നോയൽ ട്രെനോറിന്റെ അർപ്പണബോധത്തോടെയും, വിശ്വസ്തതാപൂർവ്വവുമായ സേവനത്തിനു, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രാദേശിക സഭയിൽ, ദൈവജനത്തോടുള്ള മോൺസിഞ്ഞോർ നോയൽ ട്രെനോറിന്റെഅടുപ്പവും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.
സുഹൃദ്ബന്ധത്തിന്റെ ദൃഢത എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തി എന്ന നിലയിലും, മാറുന്ന ലോകത്തിൽ, നീതിയും, സാഹോദര്യവും, പ്രതിബദ്ധതയും ഉറപ്പിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ അടിസ്ഥാന മൂല്യങ്ങൾ പുതിയ തലമുറകളെ പഠിപ്പിക്കുവാൻ അക്ഷീണം പരിശ്രമിച്ച ഒരു വ്യക്തിയായിരുന്നു മോൺസിഞ്ഞോർ ട്രെനരെന്ന്, മോൺസിഞ്ഞോർ അലൻ മക്ഗൂക്യൻ പ്രത്യേകം തന്റെ സന്ദേശത്തിൽ പരാമർശിച്ചു.
ദാരിദ്ര്യത്തിനും, അനീതിക്കുമെതിരെ നിലപാടുകൾസ്വീകരിച്ചുകൊണ്ട്, കത്തോലിക്കാവിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ മികച്ചതാക്കുവാൻ എപ്പോഴും പരിശ്രമിച്ച ഒരു നല്ല അധ്യാപകനായിരുന്നു മോൺസിഞ്ഞോറെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. യൂറോപ്യൻ പദ്ധതിയോടുള്ള അഗാധമായ പ്രതിബദ്ധത വ്യക്തമായും ശക്തമായും ഉയർത്തിയ വ്യക്തിയായിരുന്നു മോൺസിഞ്ഞോർ മോൺസിഞ്ഞോർ ട്രെനോർ. സമാധാനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് യുവജനങ്ങൾക്കായി ആർച്ചുബിഷപ്പ് ട്രെനോർ രചിച്ച അജപാലനലേഖനത്തിന്റെ പ്രാധാന്യവും, ചടങ്ങിൽ മോൺസിഞ്ഞോർ അലൻ മക്ഗൂക്യൻ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: