തിരയുക

പാരീസിലെ ഒളിമ്പിക്സ് നഗരി പാരീസിലെ ഒളിമ്പിക്സ് നഗരി   (ANSA)

മതവിശ്വാസങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കപ്പെടണം: പരിശുദ്ധ സിംഹാസനം

പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനവേളയിൽ ക്രൈസ്തവമത വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് നടത്തിയ ചില രംഗങ്ങൾ വിശ്വാസസമൂഹത്തെ വേദനിപ്പിച്ചുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, എല്ലാ മനുഷ്യരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് മത്സരവേദിയിൽ, വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളും, രംഗങ്ങളും ഒഴിവാക്കപ്പെടണമെന്ന്, ജൂലൈ 26 ന് പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വത്തിക്കാൻ കാര്യാലയം വ്യക്തമാക്കി.

ഉദ്ഘാടന വേളയിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്തരമായ അധ്യായമായ അന്ത്യത്താഴ വേളയുടെ ചിത്രം തികച്ചും മോശമായി ചിത്രീകരിച്ചത്, വേദനയോടെയാണ് പരിശുദ്ധ സിംഹാസനം ഉൾക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ അടിവരയിട്ടു പറയുന്നു.

ക്രൈസ്തവസമൂഹത്തിനുണ്ടായ ഈ വേദനകളിൽ പങ്കുചേർന്നു കൊണ്ട് മറ്റു മത നേതാക്കളും, ലോകനേതാക്കളും രംഗത്ത് വരികയും, പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്‌സിന്റെ സംഘടകരും തുടർന്ന് ഖേദപ്രകടനം നടത്തിയിരുന്നു.

ഒളിമ്പിക്സ് മത്സരങ്ങൾ എന്നത് സാഹോദര്യത്തിന്റെ സംഗമവേദിയെന്ന നിലയിൽ, മറ്റുള്ളവരോടുള്ള ബഹുമാനം അതിന്റെ ശ്രേഷ്ഠതയിൽ നിലനിർത്തിക്കൊണ്ടു വേണം ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2024, 11:13