ഉദാരമനസ്കരാകാൻ ഏറെയൊന്നും ആവശ്യമില്ല, മക്കളുടെ ഉദാരത കന്യകാംബയ്ക്ക് പ്രിയങ്കരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധ കന്യകാമറിയം പ്രദാനം ചെയ്യുന്ന സൗഖ്യം കേവലം ശാരീരികം മാത്രമല്ല, അത് ആത്മാവിനെ സ്പർശിക്കുന്നതുമാണെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ തലവൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസ്.
വേളാങ്കണ്ണിയിൽ വണങ്ങപ്പെടുന്ന ആരോഗ്യനാഥയുടെ ആഗസ്റ്റ് 29- സെപ്റ്റംബർ 8 വരെ ആചരിക്കപ്പെടുന്ന തിരുന്നാളിനോടനുബന്ധിച്ച് തഞ്ചാവൂർ രൂപതയുടെ മെത്രാൻ സഗായരാജ് തമ്പുരാജിന് അയച്ച കത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്. ഈ കത്ത് ആഗസ്റ്റ് 6-ാം തീയതി ചൊവ്വാഴ്‌ചയാണ് പരസ്യപ്പെടുത്തിയത്.
മറിയത്തിൻറെ രൂപം ധ്യാനിക്കുക വഴി നമുക്ക്, നമ്മുടെ സങ്കടങ്ങളെയും വേദനകളെയും ഭയങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന യേശുക്രിസ്തുവിൻറെ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും വിശ്വാസത്തിൻറെയും സ്നേഹത്തിൻറെയുമായ ചെറിയൊരു സമയമെങ്കിലും പരിശുദ്ധ അമ്മയുടെ മുമ്പാകെ നാം നില്ക്കുകയാണെങ്കിൽ അവളുടെ മാതൃസന്നിഭ നോട്ടം നമുക്ക് സമാധാനം വീണ്ടെടുത്തുനല്കുമെന്നും കർദ്ദിനാൾ വിക്ടർ കുറിക്കുന്നു.
മറിയം ദർശനം നല്കിയ ബാലൻ, അവൻ കൊണ്ടുവന്ന പാൽ അവളുടെ കൈയ്യിലിരുന്ന കുഞ്ഞിനു നല്കിയ വിവരണം പ്രതീകാത്മകതയാൽ സമ്പന്നമാണെന്നും കാരണം അത് ആർക്കെങ്കിലും എന്തെങ്കിലും നല്കാൻ സന്നദ്ധയുള്ളയാളുടെ ഉദാരതയുടെ ആവിഷ്ക്കാരമാണെന്നും വിശദീകരിക്കുന്ന അദ്ദേഹം ഉദാരമനസ്കനാകാൻ ഒരാളുടെ കൈയ്യിൽ അധികമൊന്നും ആവശ്യമില്ലെന്നും കൂട്ടിച്ചേർക്കുന്നു.
വേളാങ്കണ്ണിയിൽ പരിശുദ്ധ അമ്മയുടെ സവിധത്തിൽ സാന്ത്വനം തേടി നിരവധി അക്രൈസ്തവ തീർത്ഥാടകരെത്തുന്നതും അവരിൽ ചിലർ രോഗസൗഖ്യം നേടുന്നതും പലരും സമാധാനവും പ്രത്യാശയും കണ്ടെത്തുന്നതും കർദ്ദിനാൾ വിക്ടർ അനുസ്മരിക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുകയും കർത്താവിൻറെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന മറിയത്തിൻറെ സാമീപ്യം പ്രകടമാകുന്ന ഇടമാണഅ മറിയത്തിൻറെ പവിത്രസന്നിധാനമെന്നും കത്തോലിക്കാ സഭയുടെ കൂദാശകൾ സ്വീകരിക്കാൻ കഴിയാത്തവർക്ക് ഈശോയുടെ അമ്മയുടെ സാന്ത്വനം നിഷേധിക്കപ്പെടുന്നില്ലയെന്നും കർദ്ദിനാൾ വിക്ടർ എഴുതുന്നു.
വേളാങ്കണ്ണിയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തോടു ഫ്രാൻസീസ് പാപ്പായ്ക്കുള്ള മതിപ്പ് കത്തിൽ വെളിപ്പെടുത്തുന്ന അദ്ദേഹം അവിടെ എത്തുന്ന തീർത്ഥാടകർക്ക് പാപ്പാ ആശീർവ്വാദവും ആശംസകളും നല്കുന്നതായി അറിയിക്ക്ന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: