തിരയുക

പെറുവിലെ മെത്രാന്മാർ, പാപ്പായുടെ സന്ദർശനവേളയിൽ പെറുവിലെ മെത്രാന്മാർ, പാപ്പായുടെ സന്ദർശനവേളയിൽ   (AFP or licensors)

സൊഡാലിസിയെ സ്ഥാപകനെ പുറത്താക്കി വത്തിക്കാൻ

ലാറ്റിനമേരിക്കയിലെ പെറുവിൽ 1970 കളിൽ സ്ഥാപിതമായ പെറുവിയൻ സൊസൈറ്റി ഓഫ് അപ്പസ്തോലിക് ലൈഫിൻ്റെ (സൊഡാലിസിയെ) സ്ഥാപകൻ ലൂയിസ് ഫെർണാണ്ടോ ഫിഗാരിയെ പുറത്താക്കിക്കൊണ്ട് വത്തിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.

സാൽവത്തോരെ ചെർണ്ണൂത്സിയോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പ്രായപൂർത്തിയാകാത്തവർക്കെതിരെ പോലും മാനസികവും ലൈംഗികവുമായ പീഡനങ്ങളും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച്, ലാറ്റിനമേരിക്കയിലെ പെറുവിൽ 1970 കളിൽ സ്ഥാപിതമായ പെറുവിയൻ സൊസൈറ്റി ഓഫ് അപ്പസ്തോലിക് ലൈഫിൻ്റെ (സൊഡാലിസിയെ) സ്ഥാപകൻ ലൂയിസ് ഫെർണാണ്ടോ ഫിഗാരിയെ പുറത്താക്കിക്കൊണ്ട് വത്തിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. സമർപ്പിത ജീവിതത്തിനുള്ള ഡിക്കസ്റ്ററിയുടേതാണ് തീരുമാനം. ഔദ്യോഗികമായ ഈ തീരുമാനം വരുന്നതിനുമുമ്പുതന്നെ, ഫിഗാരിയെ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തിലെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. പെറുവിലെ മെത്രാൻ സമിതിയാണ് ഡിക്കസ്റ്ററിയുടെ തീരുമാനം പരസ്യപ്പെടുത്തിയത്.

ലാറ്റിനമേരിക്കയിലെ സുവിശേഷവൽക്കരണ ശുശ്രൂഷയിൽ പ്രധാന പങ്കുവഹിക്കുന്ന സൊഡാലിസിയെ പ്രസ്ഥാനത്തിൽ, സമർപ്പിതരായ അത്മായരും, വൈദികരും ബ്രഹ്മചര്യത്തിൻ്റെയും,  അനുസരണത്തിൻ്റെയും വ്രതങ്ങൾ അനുസരിച്ചു ജീവിക്കുന്നു. 2000 ആണ്ടിന്റെ തുടക്കത്തിൽ പ്രസ്ഥാനത്തിലെ  ചില അംഗങ്ങൾ നടത്തിയ ലൈംഗീക ആരോപണങ്ങളാണ് തുടർന്ന് വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. 2015 ൽ ഇരകളുടെ സാക്ഷ്യം ഉൾപ്പെടുന്ന ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2016 മുതൽ പ്രസ്ഥാനത്തിന്റെ ചുമതലകൾ , പാപ്പായുടെ പ്രതിനിധിയാണ് നടത്തുന്നത്. കൊളംബിയൻ മെത്രാൻ മോൺസിഞ്ഞോർ  നോയൽ അൻ്റോണിയോ, അമേരിക്കൻ കർദിനാൾ ജോസഫ് വില്യം ടോബിനുമായി ചേർന്നാണ് പ്രസ്ഥാനത്തിന്റെ ചുമതലകൾ നിർവ്വഹിച്ചു പോന്നത്. കേസിന്റെ രഹസ്യാത്മകതയിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകാതിരിക്കുവാൻ വത്തിക്കാൻ അദ്ദേഹത്തിന് പെറുവിൽ പ്രവേശിക്കുവാനുള്ള അനുവാദം പോലും നിഷേധിച്ചിരുന്നു.

2023 ജൂലൈ മാസത്തിൽ കേസിന്റെ അവസാനഘട്ട അന്വേഷണം നടത്തി, തീരുമാനം നിലവിൽ കൊണ്ടുവരുവാൻ, വിശ്വാസ തിരുസംഘത്തിലെ അംഗങ്ങളായിരുന്ന മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂന, സ്പാനിഷ് വൈദികൻ ജോർഡി ബെർത്തോമിയു എന്നിവരെയും ലാറ്റിനമേരിക്കയിലേക്ക് അയച്ചു. ഇവരുടെ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ ഈ നടപടി നിലവിൽ വന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2024, 13:10