ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം: മോൺസിഞ്ഞോർ പാല്യ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദയാവധത്തിനും, സഹായത്തോടെയുള്ള ആത്മഹത്യക്കും എതിരായി ഒരിക്കൽ കൂടി കത്തോലിക്കാ സഭയുടെ നിലപാടുകൾ എടുത്തു പറഞ്ഞു, ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ 'ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചെറിയ നിഘണ്ടു' എന്ന പുസ്തകം രചിച്ചു. പതിപ്പിന്റെ ഒരു പ്രതി, ആഗസ്റ്റ് മാസം എട്ടാം തീയതി ഫ്രാൻസിസ് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച്ച വേളയിൽ പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു. ജീവിതാന്ത്യത്തിൽ നിയമങ്ങളെക്കാളുപരി, മനസാക്ഷിയുടെ പ്രചോദനങ്ങളെയാണ് നാം വിലമതിക്കേണ്ടതെന്നും, ഈ മനസാക്ഷി രൂപീകരണത്തിൽ വലിയ ഒരു ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും മോൺസീഞ്ഞോർ അടിവരയിട്ടു പറഞ്ഞു.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചാവേളയിൽ, ദുർബലരായ ആളുകൾക്ക് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന്, അക്കാദമി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പാപ്പാ അഭിനന്ദിച്ചു. ജീവിതത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള അനുഭവങ്ങളും, പഠനങ്ങളും ഏറെ സങ്കീർണ്ണമാണെങ്കിലും, 1957 ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ മുതൽ, നൽകപ്പെട്ട വിവിധ നിർദേശങ്ങൾ ഏറെ സമ്പന്നമാണെന്നു മോൺസിഞ്ഞോർ അടിവരയിട്ടു പറഞ്ഞു.
മരണം ജീവിതത്തിൻ്റെ ഒരു മാനമാണ്. അത് അനിവാര്യമാണ്. എന്നാൽ ജീവന്റെ ഗതിയെ തടസ്സപ്പെടുത്തുവാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നും മോൺസിഞ്ഞോർ എടുത്തു പറയുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം അവസാന വാക്കല്ല എന്നറിഞ്ഞുകൊണ്ട്, അവരുടെ നിലനിൽപ്പിൻ്റെ അവസാന ഘട്ടത്തിൽ ആളുകൾക്ക് കൂടുതൽ സഹായങ്ങൾ നൽകുവാൻ നാം മുൻപോട്ട് വരണമെന്നും മോൺസിഞ്ഞോർ പാല്യ പറഞ്ഞു. ഒരു സമൂഹത്തിൻ്റെ മുഴുവൻ പൊതുനന്മയെ മുൻനിർത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്ന സർക്കാരിന്, സഭ പൂർണ്ണമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: