ആത്മീയപരിവർത്തനത്തിൽ നിന്നുമാണ് സമാധാനം പിറവിയെടുക്കുന്നത്: ആർച്ചുബിഷപ്പ് പാല്യ
മാസ്സിമില്യാനോ മെനിക്കെത്തി, ആന്ദ്രേയ ദേ അന്ജലീസ്, ഫാ. ജിനു ജേക്കബ്
ലോകത്തിൽ ഇന്ന് നടമാടുന്ന യുദ്ധത്തിന്റെ നാടകീയത അവസാനിപ്പിക്കണമെങ്കിൽ, മറ്റുള്ളവരുടെ ദുഃഖങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ പേറിക്കൊണ്ട്, ആത്മീയമായ ഒരു പേര് പരിവർത്തനത്തിനു തയാറാവണമെന്നു, ജീവനുവേണ്ടിയുള്ള വത്തിക്കാൻ പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റ് ആർച്ചുബിഷപ്പ് വിൻചെൻസൊ പാല്യ പറഞ്ഞു. റിമിനിയിൽ നടക്കുന്ന മനുഷ്യസൗഹാർദ്ദസമ്മേളന അവസരത്തിലാണ് അദ്ദേഹം വത്തിക്കാൻ മാധ്യമത്തിനു അഭിമുഖസംഭാഷണം അനുവദിച്ചത്.
ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്തോണിയോ തജാനിയും സമ്മേളനത്തിൽ സംബന്ധിച്ചു സംസാരിച്ചു. ലോകം മുഴുവൻ ഒരു കുടക്കീഴിലാണെന്നുള്ള ബോധ്യവും, എല്ലാവരും പരസ്പരം സഹോദരങ്ങൾ ആണെന്നുള്ള തിരിച്ചറിവും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ആവശ്യമെന്നു അദ്ദേഹം പറഞ്ഞു.ഫ്രാൻസിസ് പാപ്പാ തന്റെ വിവിധങ്ങളായ ചാക്രികലേഖനങ്ങളിലൂടെ മുൻപോട്ടു വയ്ക്കുന്ന സാർവത്രിക സാഹോദര്യം, പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നാൽ മാത്രമേ ഈ മൂന്നാം ലോകമഹായുദ്ധത്തിനു അറുതി വരികയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിൽ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം ചിലരിൽ മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒന്നല്ല, മറിച്ച് എല്ലാവർക്കും വിവിധ മേഖലകളിൽ, വിവിധ തോതുകളിൽ സമാധാനം കെട്ടിപ്പടുക്കുന്നതിന് സാധിക്കുമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. സഹകരണത്തിന്റെയും, പ്രാർത്ഥനയുടെയും മാതൃകകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാൻ എന്ന ഭാവത്തിൽ നിന്നും, ഞങ്ങൾ എന്ന ഭാവത്തിലേക്കുള്ള മാറ്റവും ഏറെ ആവശ്യമാണ്. വ്യക്തിവാദവും, മതവാദവും എല്ലാം മാറ്റിവച്ചുകൊണ്ട്, മനുഷ്യവാദത്തിന്റെ പ്രാധാന്യവും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
സാർവത്രിക സഹോദര്യത്തിനു ഫ്രാൻസിസ് അസീസി, ചാൾസ് ഡി ഫൂക്കോൾഡ് എന്നിവർ നൽകുന്ന മാതൃകകൾ നമുക്കും അനുകരണീയമാണെന്നു അദ്ദേഹം പറഞ്ഞു. സമാധാനം എന്ന കലയെ കെട്ടിപ്പടുക്കുവാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും , അത് ആരംഭിക്കേണ്ടത് ഭവനങ്ങളിൽ നിന്നുമാണെന്നുള്ള സന്ദേശത്തോടെയാണ്, ആർച്ചുബിഷപ്പ് തന്റെ അഭിമുഖം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: