ഹൃദയ വിജ്ഞാനം മാനവികമായ ആശയവിനിയത്തിന് ആവശ്യം, പാവൊളൊ റുഫീനി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പൂർണ്ണമായും മാനുഷികമായ ആശയവിനിമയത്തിനുള്ള വഴി വീണ്ടും കണ്ടെത്തുന്നതിന് അത്യന്താപേക്ഷിതമായ ഉപകരണം ഹൃദയ വിജ്ഞാനമാണെന്ന് വത്തിക്കാൻറെ സമ്പർക്കമാദ്ധ്യമ വിഭാഗത്തിൻറെ മേധാവി പാവൊളൊ റുഫീനി പ്രസ്താവിച്ചു.
ബ്രസീലിലെ മനൗസിൽ തിങ്കളാഴ്ച (26/08/24) സമാപിച്ച, ആമസോൺ പ്രദേശത്തെ സഭകളുടെ സംഘത്തിൻറെ (Conferenza ecclesiale dell’Amazzonia), ചതുർദിന സമ്മേളനത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.
ഭിന്നിച്ചു നില്ക്കുന്നതിനെ ഒന്നിപ്പിക്കുകയാണ് ആശയവിനിമയത്തിൻറെ ലക്ഷ്യമെന്നും സംസാരിക്കുകയും അപരനെ ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ സംജാതമാകുന്ന ബന്ധത്തിൽ നിന്ന് ജന്മംകൊള്ളുന്ന പരസ്പര ദാനമാണ് അതെന്നും റുഫീനി വിശദീകരിക്കുന്നു. നമ്മുടെ ഭിന്നതകളെ ഇഴചേർക്കുന്നതും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നതും എല്ലാം പരസ്പര ബന്ധിതമാണ് എന്നതിനെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ ദാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മെച്ചപ്പെട്ടൊരു ലോകം കെട്ടിപ്പടുക്കുന്നതിന് ചുവടുവയ്ക്കാൻ അനുവദിക്കുന്ന കാഠിന്യമില്ലാത്ത ഒരു ഹൃദയത്തിൽ നിന്ന് വരുന്ന ആശയവിനിമയത്തിൻറെ പ്രാധാന്യവും പാവൊളൊ റുഫീനി ചൂണ്ടിക്കാട്ടുന്നു. സമ്പർക്കമാദ്ധ്യമങ്ങളുടെ ആധിപത്യപ്രവണതയെ ചെറുക്കുന്നതിന് ഇത്തരത്തിലുള്ള ആശയവിനിമയം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
കൃത്രിമബുദ്ധിയുൾപ്പടെ, മാദ്ധ്യമരംഗത്തുണ്ടായിട്ടുള്ള സാങ്കേതിക പുരോഗതിയെക്കുറിച്ചു പരാമർശിക്കുന്ന റുഫീനി ആശയവിനിമയത്തിന് ഒരു ആദ്ധ്യാത്മിക വദനം, സ്വാർത്ഥതയുടെ ഫലമായി നാം വിഭജിച്ചവയെ ഒന്നിപ്പിക്കാൻ കഴിവുറ്റ ഒരു മുഖം, പ്രദാനം ചെയ്യേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: