സായുധസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് പാപ്പായുടെ കൈത്താങ്ങ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുദ്ധവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങായി പാപ്പായുടെ കാരുണ്യപ്രവൃത്തികൾക്കായുള്ള അപ്പസ്തോലിക വിഭാഗം. സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനത ഉൾപ്പെടെയുള്ളവർക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിർദ്ദേശപ്രകാരമാണ് കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്.
റോമിൽ ഉക്രൈൻ ജനതയ്ക്കായുള്ള വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയിൽനിന്ന് അഗസ്സ്റ് 7 ബുധനാഴ്ചയാണ്, ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ, ദീർഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സപാക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുളള വസ്തുക്കൾ നിറച്ച ട്രക്ക് പുറപ്പെട്ടത്.
ഓഗസ്റ്റ് 7 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പതിവ് പൊതുകൂടിക്കാഴ്ചയിലും, ഉക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തിരുന്നു. സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഉക്രൈൻ ജനതയ്ക്ക് തന്റെ സാമീപ്യം പാപ്പാ പലവുരു ഉറപ്പുനൽകിയിരുന്നു.
കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കിയുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയടങ്ങിയ ടൺ കണക്കിന് സാധനസാമഗ്രികൾ മുൻപുതന്നെ പല പ്രാവശ്യങ്ങളിലായി വത്തിക്കാനിൽനിന്ന് ഉക്രൈനിലെത്തിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: