വികസനം സമാധാനത്തിൻറെ നാമമാണ് എന്നത് മനസ്സിൽ പച്ചകെടാതെ സൂക്ഷിക്കണം, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുസ്ഥിരവികസനം കൈവരിക്കാൻ സാദ്ധ്യമായ സർവ്വ മാർഗ്ഗങ്ങളും വിനിയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സമാധനപൂർണ്ണവും സമൃദ്ധിനിറഞ്ഞതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് അനിവാര്യ വ്യവസ്ഥയാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തിൻറെ എഴുപത്തിയൊമ്പതാം സമ്മേളനത്തിൽ ഭാവിയെ അധികരിച്ചുള്ള ഉച്ചകോടിയിൽ ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച (23/09/24) സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണം, കടങ്ങളുടെ പുനഃക്രമീകരണം, കടം എഴുതിത്തള്ളൽ തന്ത്രങ്ങൾ നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളും ഇവിടെ ആവശ്യമായി വരുന്നുവെന്ന് കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.
ബഹുമുഖ സംവിധാനത്തിൽ പ്രകടമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഉച്ചകോടി വിളിച്ചുകൂട്ടപ്പെട്ടിരിക്കുന്നതെന്ന് അനുസ്മരിച്ച അദ്ദേഹം, രാഷ്ട്രങ്ങളുടെ പരസ്പര വിശ്വാസത്തകർച്ചയാണ് ഇതിന് പ്രധാനമായും കാരണമെന്ന് സംഘർഷങ്ങളുടെ വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന വ്യാപനവും തീവ്രതയും കാണിച്ചുതരുന്നുവെന്ന് പറഞ്ഞു.
ആകയാൽ ഈ ഉച്ചകോടി പ്രത്യാശയുടെ ഉറവിടവും കാരണവുമാകണമെന്നും ഇരുട്ടിൽ സ്വയം പൂട്ടിയിടാത്തതും ഭൂതകാലത്തിൽ തളച്ചിടാത്തതും വർത്തമാനകാലത്തിലൂടെ അലക്ഷ്യമായി കടന്നുപോകാത്തതും എന്നാൽ, ഒരു നാളയെ കാണാൻ കഴിയുന്നതുമായ ഒരു ഹൃദയത്തിൻറെ ഗുണമാണ് പ്രതീക്ഷ എന്ന് കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.
ഓരോ വ്യക്തിയുടെയും ദൈവദത്തമായ അന്തസ്സ്, സമഗ്ര മാനവ വികസന പരിപോഷണം, എല്ലാ രാഷ്ട്രങ്ങളുടെയും സമത്വം, പരമ ഔന്നത്യം, രാഷ്ട്രങ്ങളുടെ പരസ്പര വിശ്വാസ സ്ഥാപനം എന്നിവ ഉൾപ്പെടെയുള്ള തത്വങ്ങളുടെ അടിത്തറയിൽ നിർമ്മിക്കപ്പെടേണ്ടതാണ് ഭാവിയെന്നും, അതിനാൽ, നിരവധി മേഖലകളിലെ പ്രവർത്തനങ്ങൾ പുനർവിചിന്തന വിധേയമാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യനിർമ്മാർജ്ജനം, പൊതുവായ നിരായുധീകരണം, പ്രത്യേകിച്ച്, ആണവായുധ സമ്പൂർണ്ണ നിരോധനം, കൃത്രിമ ബുദ്ധിയുടെ ഉപയോഗത്തിൽ ധാർമ്മികത തുടങ്ങിയവയുടെ പ്രാധാന്യവും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: