കായികരംഗത്തേക്ക് വത്തിക്കാനും - ഫയൽ ചിത്രം കായികരംഗത്തേക്ക് വത്തിക്കാനും - ഫയൽ ചിത്രം 

യൂറോപ്പിൽ സമാധാനം പ്രോത്സാഹിപ്പിക്കാനായി പാപ്പായുടെ കായികതാരങ്ങൾ

ബെർലിനിലെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ നടക്കുന്ന മാരത്തോൺ ഓട്ടമത്സരത്തിലും, സൂറിച്ചിൽ നടക്കുന്ന പ്രസിദ്ധമായ സൈക്കിൾ ലോക ചാമ്പ്യൻഷിപ്പിലും വത്തിക്കാനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾ പങ്കെടുക്കും. യൂറോപ്പിൽ സമാധാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായികരംഗത്തേക്ക് വത്തിക്കാൻ തങ്ങളുടെ താരങ്ങളെ ഇറക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 29 ഞായറാഴ്ച, ബെർലിനിൽ നടക്കുന്ന മാരത്തോൺ മത്സരത്തിലും, സൂറിച്ചിൽ നടക്കുന്ന സൈക്കിൾ ചാമ്പ്യൻഷിപ്പിലും വത്തിക്കാൻ കായികതാരങ്ങൾ പങ്കെടുക്കും. ഈ മത്സരങ്ങളുടെ ഭാഗമായി, സൂറിച്ചിലെ വഴിയോരങ്ങളിൽ ഉറങ്ങുന്ന "കണ്ടുമുട്ടൽ" (Incontro) എന്ന പേരിലുള്ള സമൂഹത്തിലെ അംഗങ്ങളെയും വത്തിക്കാൻ ടീം തങ്ങൾക്കൊപ്പം ചേർത്തുപിടിക്കും..

മാരത്തോൺ മത്സരത്തിലും, ലോക സൈക്കിൾ ചമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതുവഴി, യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് വത്തിക്കാൻ കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സാഹോദര്യത്തിന്റെയും, മറ്റുള്ളവരെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെയും മൂല്യങ്ങൾ മുന്നോട്ടുവയ്ക്കുക എന്ന ഉദ്ദേശവും ഈ സംരഭത്തിനുണ്ട്.

ബെർലിനും സൂറിച്ചും, സമാധാനത്തിനായി കായികരംഗവുമായി ബന്ധപ്പെട്ടുള്ള പ്രാർത്ഥനയുടെ രണ്ടിടങ്ങളായി മാറ്റുക എന്നതാണ് വത്തിക്കാൻ ടീം ലക്ഷ്യം വയ്ക്കുന്നത്. മാത്രവുമല്ല, സെപ്റ്റംബർ 26 മുതൽ 29 വരെ തീയതികളിൽ, ലക്സംബർഗ്, ബെൽജിയം എന്നിവിടങ്ങളിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്ന അപ്പസ്തോലികയാത്രയുടെ ഭാഗമായി സഞ്ചരിക്കുക എന്ന ഉദ്ദേശവും പാപ്പായുടെ കായികതാരങ്ങൾക്കുണ്ട്. പാപ്പായുടെ യാത്രയുടെ, "സേവനം ചെയ്യാൻ", "വഴികളിൽ പ്രത്യാശയോടെ" എന്നീ രണ്ടു മുദ്രാവാക്യങ്ങളും വത്തിക്കാൻ കായികടീമിനും പ്രിയപ്പെട്ടതാണ്.

ഓസ്‌ട്രേലിയയിൽ 2022-ലും സ്‌കോസിയയിൽ 2023-ലും നടന്ന സൈക്കിൾ ചാമ്പ്യൻഷിപ്പുകളിൽ വത്തിക്കാൻ ടീമുകൾ പങ്കെടുത്തിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച റീൻ ഷൂർഹൂയിസ്‌ ആയിരിക്കും വത്തിക്കാനുവേണ്ടി സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുക.

ബെർലിനിൽ നടക്കുന്ന മാരത്തോൺ മത്സരത്തിൽ വത്തിക്കാനുവേണ്ടി മൂന്ന് പേർ പങ്കെടുക്കും.

ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായികതാരങ്ങൾക്ക് സെപ്റ്റംബർ 28 ശനിയാഴ്ച, വത്തിക്കാൻ മ്യൂസിയത്തിൽ സ്വീകരണമൊരുക്കാനും വത്തിക്കാൻ കായികവിഭാഗം തീരുമാനിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2024, 16:53