സിനഡ് അംഗങ്ങളുടെ ഇരുദിന ധ്യാനം തുടങ്ങി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ഒക്ടോബർ രണ്ടാം തീയതി ബുധനാഴ്ച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ ബലിയോടെ തുടക്കം കുറിക്കാനിരിക്കെ, സിനഡ് അംഗങ്ങൾക്കുള്ള രണ്ടു ദിവസത്തെ ധ്യാനം സെപ്റ്റംബർ മുപ്പതാം തീയതി മുതൽ വത്തിക്കാനിൽ ആരംഭിച്ചു. പുതിയ സിനഡൽ ശാലയിൽ വച്ചാണ് ധ്യാനം നടക്കുന്നത്. ഡൊമിനിക്കൻ വൈദികനായ ഫാ. തിമോത്തി റാഡ്ക്ളിഫ് ആണ് ധ്യാനം നയിക്കുന്നത്. പ്രഭാത പ്രാർത്ഥനയോടെ തുടക്കം കുറിക്കുന്ന ധ്യാനം, ചിന്തകളും, വിശുദ്ധ ബലിയും ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസത്തെ വിശുദ്ധ ബലിയുടെ മധ്യേയുള്ള സുവിശേഷ സന്ദേശം , ആസ്‌ത്രേലിയയിലെ പെർത്ത് അതിരൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ തിമോത്തി കോസ്‌തേല്ലോ നൽകും. സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് ആമുഖപ്രഭാഷണം നടത്തി, സിനഡ് അംഗങ്ങളെ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തു.
സഹോദരങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുന്ന മനോഹാരിതയെ വർണ്ണിക്കുന്ന സങ്കീർത്തനവചനം ഉദ്ധരിച്ചുകൊണ്ടാണ് കർദിനാൾ തന്റെ പ്രഭാഷണം ആരംഭിച്ചത്. സിനഡിന്റെ ഉദ്ദേശ്യവും, വിവിധ പ്രാദേശിക സഭകൾ അവരുടെ സമ്പത്തും വെല്ലുവിളികളും മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട്, കൂട്ടായ്മയുടെ മനോഭാവം വവളർത്തിയെടുക്കുക എന്നതാണെന്നു കർദിനാൾ അടിവരയിട്ടു പറഞ്ഞു. അതിനാൽ സിനഡ് നടക്കുന്ന ഇടം, കർത്താവുമായ കണ്ടുമുട്ടുന്നതിനുള്ള ഒരു വിശുദ്ധ സ്ഥലമാണെന്നും, ഇവിടെ വിശ്വാസത്തിന്റെയും, പ്രാർത്ഥനയുടെയും തീക്ഷ്ണത ഓരോരുത്തരിലും ഉണ്ടാകണമെന്നും ആഹ്വാനം ചെയ്തു. ഇതിനു, സിനഡിന്റെ യഥാർത്ഥ നായകൻ പരിശുദ്ധാത്മാവാണെന്നും, ആത്മാവില്ലെങ്കിൽ സിനഡ് യാഥാർഥ്യമാവുകയില്ലെന്നും അദ്ദേഹം ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
ധ്യാനാവസരം എന്നത്, സിനഡിനുള്ള തയ്യാറെടുപ്പിന്റെ കാലമല്ല, മറിച്ച് അത് സിനഡിന്റെ തന്നെ അവിഭാജ്യഘടകമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. പരിശുദ്ധ മറിയത്തെ പോലെ ഇടതടവില്ലാതെ പ്രാർത്ഥിക്കുവാനും, ദൈവവചനത്തിന് സമൃദ്ധമായ ഫലം കായ്ക്കാൻ കഴിയുന്ന നല്ല മണ്ണായി, സിനഡിന്റെ ഇടം തീരുവാൻ, മറിയത്തിന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുവാനും കർദിനാൾ എല്ലാവരെയും ക്ഷണിച്ചു. ഒക്ടോബർ ഒന്നാം തീയതിയാണ് ധ്യാനം അവസാനിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: