റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷയുമായി വീഡിയോ കോൺഫറൻസ് നടത്തി കർദ്ദിനാൾ പരൊളീൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സെപ്റ്റംബർ പതിനാറ് തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, റഷ്യൻ ഫെഡറേഷന്റെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ ശ്രീമതി തത്തിയാന മോസ്കാൽകോവയുവമായി വീഡിയോ കോൺഫറൻസ് നടത്തിയതായി പരിശുദ്ധസിംഹാസനം അറിയിച്ചു. സെപ്റ്റംബർ 18 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ്, റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ വത്തിക്കാനും റഷ്യയും തമ്മിൽ നടന്ന ഈ സംഭാഷണം സംബന്ധിച്ച് പരിശുദ്ധ സിംഹാസനം അറിയിച്ചത്.
അടുത്തിടെ രണ്ട് ഉക്രൈൻ വൈദികരെ റഷ്യ സ്വാതന്ത്രരാക്കിയതിൽ റഷ്യൻ ഓംബുഡ്‌സ് ലേഡി നടത്തിയ ഇടപെടലുകൾക്ക് ഇരു നേതാക്കളും തമ്മിൽ നടത്തിയ സംഭാഷമദ്ധ്യേ കർദ്ദിനാൾ പരൊളീൻ നന്ദി പറഞ്ഞുവെന്ന് വത്തിക്കാൻ തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുന്ന അവസ്ഥയിൽ, അന്താരാഷ്ട്രകരാറുകൾ അനുസരിച്ച്, അടിസ്ഥാനമനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ റഷ്യൻ മനുഷ്യാവകാശകമ്മീഷൻ അദ്ധ്യക്ഷയോട് കർദ്ദിനാൾ ആവശ്യപ്പെട്ടതായും വത്തിക്കാൻ അറിയിച്ചു.
റഷ്യൻ ഫെഡറേഷന്റെ കീഴിൽ തടവുകാരായി കഴിയുന്ന ഉക്രൈൻ മിലിട്ടറി അംഗംങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും, റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധത്തിൽ തടവുകാരാക്കപ്പെട്ട പട്ടാളക്കാരെ കൈമാറുന്നതിനും വേണ്ട സഹായങ്ങൾ ഉറപ്പാക്കണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകൾ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഇതേദിവസം ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും സംസാരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: