മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനവുമായി വത്തിക്കാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിരോധിത മയക്കുമരുന്നുകളുടെ ഉൽപ്പാദനവും വിതരണവും തടയുന്നതിനും അവയെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ, നിയമപാലനം, മയക്കുമരുന്നിനടിമകളായവർക്കുള്ള ഉചിതമായ പരിചരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പ്രതിരോധം എന്നിവയിലധിഷ്ഠിതമായ ത്രിതല സമീപനം ആയിരിക്കണമെന്ന് പരിശുദ്ധസിംഹാസനം നിർദ്ദേശിക്കുന്നു.
ഐക്യരാഷ്ട്രസംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിൽ ന്യുയോർക്ക് പട്ടണത്തിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയൊമ്പതാമതു യോഗത്തിൻറെ മൂന്നാം സമിതിയുടെ പൊതുസംവാദത്തിൽ ഒക്ടോബർ 7-ന് തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു. കുറ്റകൃത്യം തടയലും നീതിയും എന്നതായിരുന്നു പ്രമേയം.
നിയമവിരുദ്ധമായ മയക്കുമരുന്ന് ഉൽപ്പാദനവും കടത്തും തടയുന്നതിനും ചെറുക്കുന്നതിനുമായി ഫലപ്രദവും നീതിപൂർവകവും മാനുഷികവും വിശ്വസനീയവുമായ കുറ്റകൃത്യ നീതിന്യായ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം വധശിക്ഷ, പീഡനം, മനുഷ്യൻറെ അന്തസ്സ് ലംഘിക്കുന്ന മറ്റ് ക്രൂരവും അസാധാരണവുമായ ശിക്ഷകൾ എന്നിവയെ എതിർക്കാൻ പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നുവെന്ന് വെളിപ്പെടുത്തി.
കുറ്റകൃത്യ നീതിന്യായ വ്യവസ്ഥകൾ കേവലം കുറ്റവാളികളുടെ ശിക്ഷ മാത്രം ലക്ഷ്യം വയ്ക്കാതെ, അവരുടെ ഫലപ്രദമായ പുനർ ശിക്ഷണവും ഉചിതമായ പുനരധിവാസവും ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അതുപോലെതന്നെ മയക്കുമരുന്നുപയോഗിക്കുന്നവർക്ക് പരിചരണത്തിലൂടെ സഹായമേകാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ആർച്ച്ബിഷപ്പ് കാച്ച പറഞ്ഞു
വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും പരിശുദ്ധസിംഹാസനം അടിവരയിട്ടു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: