തിരയുക

സിനഡ് സമ്മേളനത്തിൽ നിന്നും സിനഡ് സമ്മേളനത്തിൽ നിന്നും   (Vatican Media)

പ്രേഷിതദൗത്യം സഭയുടെ മുഖമുദ്ര; പതിനാറാമത് മെത്രാൻ സിനഡ് സമാപനരേഖ

പതിനാറാമത് മെത്രാൻ സമിതി സമ്മേളനത്തിന്റെ അവസാനം, സഭയിൽ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതപ്രവർത്തനം എന്നീ മൂന്നു, അവശ്യം വേണ്ടുന്ന ഘടകങ്ങൾ എടുത്തു പറഞ്ഞുകൊണ്ട്, സമാപന രേഖ പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയുടെ വിവിധ തലങ്ങളിൽ, ദൈവജനത്തെ ശ്രവിച്ചുകൊണ്ട് , മൂന്നുവർഷമായി നടന്ന പതിനാറാമത് മെത്രാൻ സിനഡ് സമ്മേളനം, വത്തിക്കാനിൽ പര്യവസാനിച്ചു. സമ്മേളനത്തിന്റെ അവസാനം 155 ഖണ്ഡികകൾ അടങ്ങുന്ന സമാപനരേഖയും പ്രസിദ്ധീകരിച്ചു. സഭയുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നതിന് ഈസമാപന രേഖ ഉടൻ തന്നെ പ്രസിദ്ധീകരിക്കണമെന്നും, സിനഡിനു ശേഷം പ്രസിദ്ധീകരിക്കാറുള്ള അപ്പസ്തോലിക പ്രബോധന രേഖ ഉണ്ടാവില്ലെന്നും, സമാപന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. അസംബ്ലിയുടെ അവസാനത്തോടെ സിനഡൽ പ്രക്രിയ അവസാനിക്കുന്നില്ലെന്നും, ഈ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്, സിനഡ് ചൈതന്യം മുൻപോട്ടു കൊണ്ടുപോകണമെന്നും രേഖയിൽ പറയുന്നു. വിവിധ സഭാ യാഥാർത്ഥ്യങ്ങളിൽ മൂർത്തമായ ഒരു സിനഡൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള രീതികളും പരിശീലന പാതകളും തിരിച്ചറിയുന്ന, കൂടിയാലോചനയുടെയും വിവേചനത്തിൻ്റെയും മാർഗം ഈ രേഖ മുൻപോട്ടു വയ്ക്കുന്നു. സ്ത്രീകൾക്ക് സഭാപ്രവർത്തങ്ങളിൽ കൂടുതൽ പങ്കാളിത്തം നൽകുന്നതിനും രേഖയിൽ നിർദേശിക്കുന്നു.

രേഖയുടെ ആമുഖത്തിൽ, യേശുവിന്റെ ഉത്ഥാന അനുഭവം ശിഷ്യന്മാരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ എടുത്തു പറയുന്നു. കർത്താവിന്റെ തിരുമുറിവുകളിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉയർത്തുന്നതു, ചരിത്രത്തിൻ്റെ ദുരന്തങ്ങളിൽ നിന്ന് നമ്മെ അകറ്റുകയല്ല, മറിച്ച് നമ്മെ ചുറ്റിപ്പറ്റിയുള്ള കഷ്ടപ്പാടുകൾ: യുദ്ധത്താൽ പരിഭ്രാന്തരായ കുട്ടികളുടെ മുഖങ്ങൾ, അമ്മമാരുടെ കരച്ചിൽ, നിരവധി യുവാക്കളുടെ തകർന്ന സ്വപ്നങ്ങൾ, ഭയാനകമായ യാത്രകൾ നേരിടുന്ന അഭയാർത്ഥികൾ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും സാമൂഹിക അനീതികളുടെയും ഇരകൾ എന്നിവരെ  തിരിച്ചറിയാൻ നമ്മുടെ കണ്ണുകൾ തുറക്കുവാൻ നമ്മെ സഹായിക്കുന്നുവെന്നു രേഖയിൽ അടിവരയിടുന്നു.

രേഖയുടെ ആദ്യഭാഗത്ത്, സഭയെ കൂടുതൽ പങ്കാളിത്തവും പ്രേഷിതയും ആക്കുന്നതിനുള്ള ആത്മീയ നവീകരണത്തിൻ്റെയും, ഘടനാപരമായ നവീകരണത്തിൻ്റെയും പാതയാണ് സിനഡാലിറ്റി എന്ന ആശയം എടുത്തു പറയുന്നു. മതാന്തര കൂട്ടായ്മയുടെയും, വൈവിധ്യങ്ങളുടെ സമ്പന്നതയും ഈ ഭാഗത്ത് പ്രത്യേകം അടിവരയിടുന്നു. ബന്ധങ്ങൾ  പരിപാലിക്കുന്നത് കൂടുതൽ സംഘടനാ ഫലപ്രാപ്തിക്കുള്ള ഒരു തന്ത്രമോ ഉപകരണമോ അല്ല, മറിച്ച് പിതാവായ ദൈവം യേശുവിലും ആത്മാവിലും സ്വയം വെളിപ്പെടുത്തിയ വഴിയാണെന്നും ഇത് സുവിശേഷത്തിൽ നിന്ന് നാം വീണ്ടും പഠിക്കണമെന്നും രേഖയിൽ  പ്രത്യേകം പരാമർശിക്കുന്നു. ഇതിനു പ്രേഷിതപ്രവർത്തനം കൂടിയേ തീരൂ എന്നും രേഖ ഉദ്ബോധിപ്പിക്കുന്നു. സൗഹാർദ്ദമായ സേവനത്തിലാണ് മെത്രാൻ ശുശ്രൂഷ നടത്തേണ്ടതെന്നും, ഇത് മറ്റുള്ളവരുമായുള്ള സഹകരണത്തിൽ പ്രത്യേകിച്ചും വൈദികരും, ഡീക്കന്മാരുമായുള്ള ബന്ധത്തിൽ ഊഷ്മളമാക്കണമെന്നും രേഖ പരാമർശിക്കുന്നു. ഇന്നത്തെ ലോകത്തിൽ സഭയെ ഒരു പ്രവാചകശബ്ദമാക്കി മാറ്റാൻ സിനഡൽ പ്രക്രിയയ്ക്ക് സാധിക്കുമെന്നും രേഖ അടിവരയിടുന്നു.

തീരുമാനമെടുക്കൽ പ്രക്രിയകൾക്ക് സഭാപരമായ വിവേചനാധികാരം ആവശ്യമാണെന്നും, അതിനു സുതാര്യതയും ഉത്തരവാദിത്തവും ഒഴിച്ചുകൂടാനാവാത്തതെന്നും രേഖ പ്രത്യേകം മൂന്നാം ഭാഗത്ത് പറയുന്നു. തീരുമാനങ്ങൾ എടുക്കുന്നവർക്ക് ദൈവജനത്തെ വിശ്വസിക്കാനും കേൾക്കാനും കഴിയണം, അധികാരം പ്രയോഗിക്കുന്നവരെ വിശ്വസിക്കാൻ ദൈവജനത്തിനു സാധിക്കണമെന്നും രേഖ നിഷ്കർഷിക്കുന്നു. ഒരു സംഘടനാ സാങ്കേതികതയല്ല, മറിച്ച് വിശ്വാസത്തിൽ ജീവിക്കേണ്ട ഒരു ആത്മീയ പരിശീലനമാണ് ആവശ്യമെന്നും രേഖ പറയുന്നു. ഡിജിറ്റൽ സംസ്കാരം സഭയിലും സമൂഹത്തിലും ചെലുത്തുന്ന കാതലായ സ്വാധീനവും രേഖയിൽ പരാമർശിക്കപ്പെടുന്നു. പ്രധാനമായ പ്രമാണരേഖകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, മെത്രാൻ സമിതികളുമായും,  പൗരസ്ത്യ കത്തോലിക്കാ സഭകളുടെ അനുബന്ധ സ്ഥാപനങ്ങളുമായും ഒരു കൂടിയാലോചന നടത്തണമെന്ന് വിവിധ വത്തിക്കാൻ ഡിക്കസ്റ്ററികളോട് രേഖ ആവശ്യപ്പെടുന്നു. സിനഡ് പ്രക്രിയയിൽ ഏറ്റവും ശക്തമായും എല്ലാ ഭാഗത്തുനിന്നും ഉയർന്നുവന്ന അഭ്യർത്ഥനകളിലൊന്ന്, പരിശീലനം (FORMATION) പരസ്പര സഹകരണത്തോടെ നടത്തണം എന്നുളളതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടാണ് രേഖ ഉപസംഹരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2024, 14:15