കർദിനാൾ ക്ലൗദിയോ ഗുജറോത്തി കർദിനാൾ ക്ലൗദിയോ ഗുജറോത്തി  (ANSA)

പൗരസ്ത്യസഭകളുടെ നിലനിൽപ്പ് ഭീഷണിയിലാണ്: കർദിനാൾ ഗുജറോത്തി

പതിനാറാം മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനത്തിന്റെ അവസരത്തിൽ പൗരസ്ത്യസഭകൾ ഇന്ന് നേരിടുന്ന പ്രത്യേക സാഹചര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തി സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകത്തിലെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന യുദ്ധത്തിന്റെ മൂർദ്ധന്യതയിൽ ഏറെ വിഷമതയനുഭവിക്കുന്ന പൗരസ്ത്യസഭകളുടെ സാഹചര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തി സംസാരിച്ചു. പതിനാറാം മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനത്തിന്റെ അവസരത്തിലാണ്, പൗരസ്ത്യസഭകളുടെ നിലനിൽപ്പ് പോലും ഭീഷണിയിലാണെന്ന മുന്നറിയിപ്പ് സിനഡ് അംഗങ്ങൾക്ക് നൽകിയത്. ആയുധങ്ങളുടെ ഉപയോഗത്തിലും, ബോംബാക്രമണത്തിലും മനുഷ്യജീവനുകളെ മാത്രമല്ല, മനുഷ്യന്റെ പ്രതീക്ഷകളെ പോലും ഉന്മൂലനം ചെയ്യുന്ന നാടകീയമായ ഒരു അവസ്ഥയാണ് ഈ സ്ഥലങ്ങളിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ദുർബലവും, അശക്തരുമായ ഒരു വിഭാഗത്തെയാണ് യുദ്ധം ലക്‌ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ യുദ്ധസാഹചര്യങ്ങളിലുള്ള പൗരസ്ത്യസഭകളുടെ നിലനിൽപ്പ് ഏറെ ഭീഷണികൾക്ക് ഉൾപ്പെട്ടിരിക്കുന്നുവെന്നും, അവ അപ്രത്യക്ഷമാകുന്നതിനുള്ള സാഹചര്യങ്ങൾ പോലും നിലവിലുണ്ടെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. പൗരസ്ത്യസഭകളുടെ ഉന്മൂലനം കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അതിനാൽ കൂടുതൽ സംഘടിതരും, ശക്തരുമായ ലത്തീൻ സഭാംഗങ്ങൾ പൗരസ്ത്യരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും, അവരുടെ ആവശ്യങ്ങളിൽ സഹായിക്കണമെന്നും കർദിനാൾ അഭ്യർത്ഥിച്ചു. യുദ്ധ മേഖലകളിൽ നിന്നും കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പുതിയ സ്ഥലങ്ങളിൽ അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുന്നതിനും കർദിനാൾ പ്രത്യേകം അപേക്ഷിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2024, 12:35