നിസിബിസിന്റെ ആർച്ചുബിഷപ്പായി നിയുക്ത കർദിനാൾ ജോർജ് കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നിയുക്ത കർദിനാളായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, കല്ദായസഭയുടെ നിസിബിസിന്റെ സ്ഥാനീയആർച്ചുബിഷപ്പായി നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്. പൗരസ്ത്യസഭയുടെ അതിപുരാതനമായ ഒരു മെത്രാപ്പോലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്. നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായ വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്.
1973 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി, ഇന്ത്യയിലെ കേരളത്തിൽ ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺസിഞ്ഞോർ ജോർജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു വരവെ, 2021 ൽ പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.
ഒക്ടോബർ മാസം ആറാം തീയതി നടന്ന, മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം, ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാസഭയിലേക്ക് പുതിയതായി 21 കർദിനാളന്മാരെ കൂടി നിയമിച്ചു. എന്നാൽ അതിൽ ഇൻഡോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷനും, ഫ്രാൻസിസ്കൻ സഭംഗവുമായ ബിഷപ് പാസ്‌കാലിസ് ബ്രൂണോ സ്യുകുർ, തന്നെ കർദിനാൾ പട്ടത്തിൽ നിന്നും ഒഴിവാക്കണമെന്നുള്ള അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചതോടെ 20 പേരാണ് നിലവിലുള്ളത്. അടുത്ത ഡിസംബർ ഏഴാം തീയതിയാണ് കർദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: