കർദിനാൾ മത്തേയോ സൂപ്പി കർദിനാൾ മത്തേയോ സൂപ്പി   (ANSA)

കർദിനാൾ മത്തേയോ സൂപ്പിയുടെ റഷ്യൻ സന്ദർശനം പൂർത്തിയായി

ഉക്രൈൻ- റഷ്യ യുദ്ധം ഏറെ രൂക്ഷിതമായി തുടരുന്നതിനിടെ, ഫ്രാൻസിസ് പാപ്പായുടെ സമാധാന ദൂതനായി കർദിനാൾ മത്തേയോ സൂപ്പി ഒക്ടോബർ 14 മുതൽ 16 വരെ റഷ്യയിൽ സന്ദർശനം നടത്തി.

 ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉക്രൈനിലേയും, റഷ്യയിലെയും നിരവധി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ തുടരുമ്പോൾ, രണ്ടാം തവണയും സമാധാനം അഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി, കർദിനാൾ മത്തേയോ സൂപ്പി, റഷ്യയിലെത്തി. ഒക്ടോബർ പതിനാലാം തീയതി റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ എത്തിയ കർദിനാൾ പതിനാറാം തീയതിയാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വത്തിക്കാൻ കാര്യാലയത്തിലെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.

മോസ്‌കോയിൽ റഷ്യൻ ഭരണകൂടത്തിലെ വിവിധ അംഗങ്ങളുമായി കർദിനാൾ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യമന്ത്രി, സെർജെ ലാവ്‌റോവ്, വിദേശരാഷ്ട്രീയ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗം, യൂറി ഉഷാകോവ്, കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള സമിതിയുടെ അംഗം മാരിയ, മനുഷ്യാവകാശ കമ്മീഷൻ അംഗം തത്യാന എന്നിവരെ നേരിൽ കണ്ടു, സമാധാനം പുനഃസ്ഥാപിക്കണമെന്നും, സാധാരണക്കാരുടെയും, കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ തിരികെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിക്കുന്നതിനും, തടവുകാരുടെ കൈമാറ്റത്തിനും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും ഇതുവരെ ചെയ്ത കാര്യങ്ങൾ കൂടിക്കാഴ്ചയിൽ വിലയിരുത്തിയതായി, വത്തിക്കാൻ മാധ്യമഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

മോസ്കോയിലെ പാത്രിയാർകീസിന്റെ അന്തർസഭാ ബന്ധങ്ങളുടെ ചെയർമാനായ വൊളോകോലാംസ്കിലെ മെത്രാപ്പോലീത്ത അന്തോനിജുമായും കർദിനാൾ സൂപ്പി കൂടിക്കാഴ്ച നടത്തി. മാനുഷിക സഹകരണം തുടരുന്നതിനും ദീർഘകാലമായി കാത്തിരുന്ന സമാധാനത്തിനുള്ള പാതകൾ തുറക്കുന്നതിനുമുള്ള ചില സാധ്യതകൾ പരിശോധിക്കാനും സന്ദർശനം സാധ്യമാക്കിയതായും പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2024, 14:23