പരിശുദ്ധസിംഹാസനവും ബുർക്കിനൊ ഫാസൊയും ഉടമ്പടിയിൽ മുന്നോട്ട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധസിംഹാസനവും ആഫ്രിക്കൻ നാടായ ബുർക്കിനൊ ഫാസൊയും തമ്മിലുള്ള ഉടമ്പടിയുടെ അനുബന്ധരേഖയിൽ, അഡീഷണൽ പ്രോട്ടോക്കോളിൽ, ഇരുവിഭാഗവും പതിനൊന്നാം തീയതി വെള്ളിയാഴ്ച (11/10/24) ഒപ്പുവച്ചു.
ബുർക്കിനൊ ഫാസൊയിൽ കത്തോലിക്കാസഭയുടെ നൈയമിക പദവിയെ സംബന്ധിച്ച അനുബന്ധ രേഖ അന്നാടിൻറെ തലസ്ഥാനമായ ഔഗദൗഗുവിൽ വച്ചാണ് ഒപ്പുവയ്ക്കപ്പെട്ടത്.
പരിശുദ്ധസിംഹാസനത്തിു വേണ്ടി അന്നാട്ടിലെ അപ്പൊസ്തോലിക്ക് നുൺഷ്യൊ ആർച്ചുബിഷപ്പ് മൈക്കിൾ ക്രോട്ടിയും ബുർക്കിനൊ ഫാസോയ്ക്ക് വേണ്ടി അന്നാടിൻറെ വിദേശകാര്യമന്ത്രി കരമൊക്കൊ ഷാൻ മരീ ത്രവൊറെയുമാണ് ഒപ്പുവച്ചത്.
ഇപ്പോൾ ഒപ്പുവയ്ക്കപ്പെട്ട അഡീഷണൽ പ്രോട്ടോക്കോൾ, ആമുഖവും ഏഴ് ഖണ്ഡികകളും ഒരു അനുബന്ധവും അടങ്ങുന്നതാണ്. അത്, ബുർക്കിനൊ ഫാസൊയിൽ കാനോൻ നിയമമനുസരിച്ച് നൈയമികാസ്തിത്വമുള്ളവയ്ക്ക് അന്നാടിൻറെ നിയമനുസരിച്ച് നിയമസാധുത്വമേകുന്ന പ്രക്രിയയിൽ, അവയുടെ പൊതുനന്മോന്മുഖ സുവിശേഷ ദൗത്യനിർവ്വഹണം സുഗമമാക്കുന്ന തരത്തിലുള്ള കൂടുതലായ ക്രമീകരണങ്ങൾ കൊണ്ടുവരുന്നു. ഒപ്പുവയ്ക്കപ്പെട്ട ദിനത്തിൽ തന്നെ അത് പ്രാബല്യത്തിലാകുകയും ചെയ്തു.
ബുർക്കിനൊ ഫാസോയില്‍ കത്തോലിക്കാസഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും നൈയമിക അംഗീകാരം നല്കുന്ന ആദ്യ ഉടമ്പടി 2019 ജൂലൈ 12-നാണ് ഒപ്പുവയ്ക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: