ദാരിദ്ര്യനിർമ്മാർജ്ജനം കാർഷികമേഖലയിലെ വികസനം ഭക്ഷ്യസുരക്ഷ എന്നിവയിൽ മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്‌ത് പരിശുദ്ധസിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദാരിദ്ര്യനിർമ്മാർജ്ജനം എന്നത് ഏറ്റവും വലിയ ആഗോളലക്ഷ്യമാണെന്നും, സുസ്ഥിരപുരോഗതിക്ക് ഒഴിവാക്കാനാകാത്ത ആവശ്യവുമാണെന്ന അഭിപ്രായം അന്താരാഷ്ട്ര സമൂഹം 2015-ൽ മുന്നോട്ട് വച്ചതിനുശേഷം ഒൻപത് വർഷങ്ങൾ കഴിഞ്ഞിട്ടും, ലോകത്ത് ഒൻപത് ശതമാനം ആളുകൾ കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ച. കൂടുതൽ നീതിയും, തുല്യതയും ഉള്ള ഒരു ലോകത്തിന്റെ നിർമ്മിതിയുടെ അടിസ്ഥാനം കൂടിയാണ് ദാരിദ്ര്യനിർമ്മാർജ്ജനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മെച്ചപ്പെട്ട കാർഷികമേഖലയുടെ വളർച്ചയ്ക്കായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യവും വത്തിക്കാൻ പ്രതിനിധി മുന്നോട്ടുവച്ചു. കാർഷികമേഖലയിലെ വളർച്ചയ്ക്കുള്ള മാർഗ്ഗങ്ങൾ സുസ്ഥിരവും, പ്രായോഗികവും, എല്ലാവർക്കും പങ്കുവയ്ക്കപ്പെടേണ്ടതുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദാരിദ്ര്യത്തിന്റെയും സമൂഹത്തിൽ ഒഴിവാക്കപ്പെടുന്നതിന്റെയും ഫലമായി, സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടുന്ന പല കർഷക കുടുംബങ്ങൾക്കും, കാർഷികമേഖലയിലുള്ള അറിവുകളും, സാമ്പത്തികസഹായവും ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോളമാനവികതയ്ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴും, ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലും പോഷകാഹാരലഭ്യതക്കുറവിലും കഴിയേണ്ടിവരുന്നത് ഒരു വിരോധാഭാസമാണെന്ന് ആർച്ച്ബിഷപ് കാച്ച അഭിപ്രായപ്പെട്ടു. ഭക്ഷണം അതാവശ്യമുള്ളവർക്ക് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പലവുരു ആവശ്യപ്പെട്ടത് വത്തിക്കാൻ നയതന്ത്രപ്രതിനിധി ഐക്യരാഷ്ട്രസഭാംഗങ്ങളെ ഓർമ്മപ്പെടുത്തി. ഭക്ഷ്യവ്യവസ്ഥിതിയിൽ തുല്യതയും സുസ്ഥിരതയും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ഏവരുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും, നമുക്ക് മുന്നിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള ഒരു സാധ്യതയാണ് മാനവികതയുടെ ഭാവിയെന്ന് ഫ്രാൻസിസ് പാപ്പാ പ്രസ്താവിച്ചത് ആർച്ച്ബിഷപ് കാച്ച അനുസ്മരിച്ചു. പട്ടിണിയും ദാരിദ്ര്യവും അവസാനിപ്പിക്കാനായി, ഏവരെയും ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥിതി വളർത്തിയെടുക്കണമെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, ഇതിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: