ആർച്ച്ബിഷപ് കാച്ച ഐക്യരാഷ്ട്രസഭയിൽ - ഫയൽ ചിത്രം ആർച്ച്ബിഷപ് കാച്ച ഐക്യരാഷ്ട്രസഭയിൽ - ഫയൽ ചിത്രം 

സുസ്ഥിരപുരോഗതിയ്ക്കും കാലാവസ്ഥാസന്തുലിതാവസ്ഥയ്ക്കുമായുള്ള പരിശ്രമങ്ങൾക്ക് ആഹ്വാനം ചെയ്‌ത്‌ പരിശുദ്ധസിംഹാസനം

വർത്തമാന, ഭാവി തലമുറകൾക്കുവേണ്ടി കാലാവസ്ഥാസന്തുലിതാവസ്ഥയ്ക്കും സുസ്ഥിരപുരോഗതിയ്ക്കും വേണ്ട ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഒക്ടോബർ 15 ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ച.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കാലാവസ്ഥാപ്രതിസന്ധി വിദൂരമായ ഒരു അപകടസാധ്യതയല്ലെന്നും, അത് വർത്തമാനകാലത്ത് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതും കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതുമായ ഒരു അപകടമാണെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ച. ഒക്ടോബർ 15 ചൊവ്വാഴ്ച, ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊൻപതാം പൊതുസമ്മേളനത്തിന്റെ രണ്ടാം കമ്മിറ്റിയിൽ സംസാരിക്കവെയാണ് ആഗോളതലത്തിൽ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിതീവ്രകാലാവസ്ഥാപ്രതിസന്ധികളെക്കുറിച്ച് വത്തിക്കാൻ പ്രതിനിധി സംസാരിച്ചത്.

കടുത്ത വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവ മുൻപില്ലാത്തവിധത്തിൽ വർദ്ധിച്ചുവരികയാണെന്നും, ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലേക്കാണ് സ്ഥിതിഗതികൾ പോകുന്നതെന്നും ആർച്ച്ബിഷപ് കാച്ച ഓർമ്മിപ്പിച്ചു. ഉയർന്നുവരുന്ന താപനില, ഭൗമവ്യവസ്ഥയിലുള്ള അപചയം തുടങ്ങിയവ ഭക്ഷ്യസുരക്ഷ, പ്രകൃതിയിലെ വൈവിധ്യം തുടങ്ങിയവയ്ക്ക് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വർത്തമാന, ഭാവി തലമുറകളുടെ അതിജീവനത്തിനായി, എല്ലാ രാജ്യങ്ങൾക്കും കാലാവസ്ഥാസംരക്ഷണത്തിനുള്ള ഉത്തരവാദിത്വമുണ്ടെന്ന് മറക്കരുതെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. ഇതിനായി അന്താരാഷ്ട്രസഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാവ്യതിയാനം എന്നത് നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും കാര്യം കൂടിയാണെന്ന് പ്രസ്താവിച്ച ആർച്ച്ബിഷപ് കാച്ച, പലപ്പോഴും ചെറുദ്വീപരാജ്യങ്ങളും, വികസ്വരരാജ്യങ്ങളുമാണ്, ഇത്തരം പ്രതിസന്ധികൾക്ക് കരണക്കാരല്ലാതിരുന്നിട്ടുകൂടി, അവയുടെ കൂടുതൽ ദുരിതഫലങ്ങളും അനുഭവിക്കേണ്ടിവരുന്നതെന്ന് അപലപിച്ചു. ഉയർന്നുവരുന്ന സമുദ്രനിരപ്പ്, കടുത്ത കാലാവസ്ഥാവ്യതിയാനങ്ങൾ, തുടങ്ങി, ശുദ്ധജലലഭ്യത, താമസസൗകര്യങ്ങൾ, കൃഷിനാശം തുടങ്ങിയ പല ബുദ്ധിമുട്ടുകളും ഇത്തരം പ്രദേശങ്ങളിലുള്ള ആളുകൾ കൂടുതലായി അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈയൊരു പ്രതിസന്ധിയിൽ സാംസ്കാരികമായ ഒരു മാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് വത്തിക്കാൻ പ്രതിനിധി അഭിപ്രായപ്പെട്ടു. നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി യാന്ത്രികമേഖലയിലെ പ്രവർത്തനങ്ങളോ, സാമ്പത്തികപദ്ധതികളോ മാത്രം പോരെന്നും, ജനങ്ങൾക്കിടയിൽ പ്രകൃതിസുരക്ഷ ലക്ഷ്യമാക്കിയ ഒരു മനഃസ്ഥിതി വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് പാപ്പായെ പരാമർശിച്ചുകൊണ്ട് ആർച്ച്ബിഷപ് കാച്ച പറഞ്ഞു.

നാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, കാര്യങ്ങൾ കൂടുതൽ ഗൗരവതാരമായിക്കൊണ്ടിരിക്കുകയാണെന്നും മറക്കാത്തപ്പോൾത്തന്നെ, ഇനിയും പ്രതീക്ഷ അവശേഷിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാനും വത്തിക്കാൻ പ്രതിനിധി മറന്നില്ല. നല്ലൊരു നാളെയെക്കുറിച്ചുള്ള ഈ പ്രതീക്ഷകൾ യാഥാർഥ്യമാകണമെങ്കിൽ എല്ലാ ലോകരാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്നും, നീതിയും ഐക്യവുമുള്ള ഒരു അവസ്ഥയിലേക്ക് വളരേണ്ടതുണ്ടെന്നും, നമ്മുടെ ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2024, 17:45