ആണവ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കപ്പെടണം: മോൺസിഞ്ഞോർ കാച്ച
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആണവായുധഭീഷണികളും, ആണവസാങ്കേതിക വിദ്യയുടെ ഉയർന്ന ഉപയോഗവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇവയിൽ നിയന്ത്രണങ്ങൾ വരുത്തിക്കൊണ്ട്, ഭാവി തലമുറകൾക്കായി പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ നടപ്പാക്കാൻ സാധിക്കണമെന്നു ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊൻപതാമത് പൊതുസമ്മേളനത്തിൽ, അണുവികിരണത്തിൻ്റെ ഫലങ്ങളെക്കുറിച്ചുള്ള നാലാമത്തെ സമിതിയിലാണ് മോൺസിഞ്ഞോർ, അടിയന്തരമായ ഈ കാര്യങ്ങൾ ഉന്നയിച്ചത്.
അണുവികിരണത്തിന്റെ അളവ്, ഫലങ്ങൾ, അനുബന്ധ അപകടസാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്രസമിതി നടത്തിയ പഠനങ്ങളെയും, വിലയിരുത്തലുകളെയും പരിശുദ്ധ സിംഹാസനം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ആണവ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലെ ഗണ്യമായ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ, ഈ ഉപകരണങ്ങളുടെ ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ പരിഗണിക്കുന്ന നയങ്ങൾ ഓരോ സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയോണീക പ്രസരണം ആരോഗ്യമേഖലകളിൽ, മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും മോൺസിഞ്ഞോർ എടുത്തു കാട്ടി.
തുടർന്ന് അണ്വായുധ സ്ഫോടകവസ്തുക്കളുടെ ഉപയോഗവും, പരീക്ഷണങ്ങളും സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങളെയും മോൺസിഞ്ഞോർ എടുത്തു പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, ഗർഭസ്ഥ ശിശുക്കൾ, തദ്ദേശവാസികൾ ഇവയ്ക്കു നൽകേണ്ടി വരുന്ന വില വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരകൾക്ക് സഹായം നല്കുന്നതിനും, പാരിസ്ഥിതിക പരിഹാരം സുഗമമാക്കുന്നതിനും സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷ മേഖലകളിലെ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ജനങ്ങളുടെയും നമ്മുടെ പൊതു ഭവനത്തിന്റെയും സുരക്ഷയ്ക്ക് മുൻഗണന നല്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അടിയന്തിര ശ്രദ്ധയും, നടപടിയും പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് ആണവായുധ നിരോധന ഉടമ്പടിയും, സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയും അംഗീകരിക്കണമെന്നും മോൺസിഞ്ഞോർ കാച്ച പരിശുദ്ധ സിംഹാസനത്തിനായി അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: