ദുരുപയോഗങ്ങൾക്കിരകളായ കുട്ടികൾക്ക് നീതി ലഭിക്കണം: കർദ്ദിനാൾ ഒമാലി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ കൊച്ചുകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ മുന്നോട്ടുപോവുകയാണെന്നും, ലൈംഗികദുരുപയോഗങ്ങൾക്കിരകളായ കുട്ടികൾക്ക് നീതി ലഭിക്കണമെന്നും കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ ഒമാലി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രഥമ വാർഷികറിപ്പോർട്ട് അവതരിപ്പിച്ച അവസരത്തിലാണ്, സഭ ഇക്കാര്യത്തിൽ നടത്തിവരുന്ന പ്രയത്നങ്ങളെക്കുറിച്ച് കർദ്ദിനാൾ ഒമാലി പ്രസ്താവന നടത്തിയത്.
കുട്ടികളായിരിക്കെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായ അതിജീവിതർക്ക് നീതി ലഭിക്കാതെ അവരിലെ മുറിവുകളുണക്കാനാകില്ലെന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ പ്രസ്താവിച്ചു. ഒക്ടോബർ 29 ചൊവ്വാഴ്ചയാണ്, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്.
കമ്മീഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകാലങ്ങളിലെളേക്കാൾ മെച്ചപ്പെട്ട രീതിയിൽ സഭ ചൂഷണത്തിന്റെ ഇരകളായവരോട് കാണിക്കുന്ന ഉത്തരവാദിത്വവും, കരുതലും ഈയൊരു തിന്മയുടെ ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരുന്നുണ്ടെന്ന് കർദ്ദിനാൾ ഒമാലി പറഞ്ഞു.
കുട്ടികളുടെ സുരക്ഷതിത്വത്തിനുവേണ്ടി 2014-ൽ സ്ഥാപിക്കപ്പെട്ട ഈ കമ്മീഷന്റെ ആദ്യം മുതൽ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരുന്ന കർദ്ദിനാൾ ഒമാലി, ദുരുപയോഗമെന്ന തിന്മയ്‌ക്കെതിരെ സഭ ഇതിനോടകം ഏറെകാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, എന്നാൽ ഇപ്പോഴും സജീവമായി നിൽക്കുന്ന ഈ ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനായി ഇനിയും ഏറെകാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രസ്താവിച്ചു.
കുട്ടികളുടെ ദുരുപയോഗമെന്ന തിന്മ, അതിന്റെ ഇരകൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും, പൗരോഹിത്യത്തിനും, സഭയ്ക്ക് പൊതുവിലും വലിയ ദോഷമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് കർദ്ദിനാൾ ഒമാലി പ്രസ്താവിച്ചു. എന്നാൽ അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സഭ ഇത്തരമൊരു ഭൂതകാലത്തിന്റെ തെറ്റ് തിരുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ദുരുപയോഗത്തിന്റെ ഇരകൾ മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഭാപ്രസ്ഥാനങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: