ബിഷപ് പാസ്‌കാലിസ്‌ ബ്രൂണോ സ്യുകുർ ബിഷപ് പാസ്‌കാലിസ്‌ ബ്രൂണോ സ്യുകുർ 

പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാൻ കർദ്ദിനാൾസ്ഥാനം നിരസിച്ച് ബിഷപ് സ്യുകുർ

തന്നെ കർദ്ദിനാളാക്കരുതെന്ന ബോഗോർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സ്യുകുറിന്റെ അഭ്യർത്ഥന സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. വരുന്ന ഡിസംബർ ഏഴിന് വത്തിക്കാനിൽ നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയിൽ ബിഷപ് സ്യുകുറിനെ ഉൾപ്പെടെ ഇരുപത്തൊന്ന് പേരെ കർദ്ദിനാൾമാരാക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നടത്തിയ അറിയിപ്പിനെത്തുടർന്നാണ് അദ്ദേഹം ഈ അപേക്ഷ നടത്തിയത്. പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള ആഗ്രഹം മൂലമാണ് കർദ്ദിനാൾ സ്ഥാനം നിരസിക്കുന്നതെന്ന് അഭിവന്ദ്യ സ്യുകുർ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇൻഡോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷനും, ഫ്രാൻസിസ്കൻ സഭംഗവുമായ ബിഷപ് പാസ്‌കാലിസ്‌ ബ്രൂണോ സ്യുകുർ, ഫ്രാൻസിസ് പാപ്പാ നൽകിയ കർദ്ദിനാൾ സ്ഥാനം നിരസിച്ചു. വരുന്ന ഡിസംബർ ഏഴിന് വത്തിക്കാനിൽ നടക്കുന്ന കൺസിസ്റ്ററിയിൽ കർദ്ദിനാളായി ഉയർത്തപ്പെടാനിരിക്കെയാണ് ഇതുസംബന്ധിച്ച് അദ്ദേഹം ഫ്രാൻസിസ് പാപ്പായ്ക്ക് അപേക്ഷ നൽകിയത്. അഭിവന്ദ്യ സ്യുകുറിന്റെ അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചുവെന്ന് ഒക്ടോബർ 22 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. സഭയ്ക്കും ദൈവജനത്തിനും സേവനം ചെയ്തുകൊണ്ട്, പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള തന്റെ ആഗ്രഹം മൂലമാണ് ബിഷപ് സ്യുകുർ ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിവന്ദ്യ സ്യുകുർ കർദ്ദിനാളായി ഉയർത്തപ്പെടുന്നത് നിരസിച്ചതിനെത്തുടർന്ന്, ഇത്തവണ കർദ്ദിനാൾമാരാകുന്നവരുടെ എണ്ണം ഇരുപത്തിയൊന്നിൽനിന്ന് ഇരുപതായി കുറയും. മോൺസിഞ്ഞോർ ജോർജ്ജ് ജേക്കബ് കൂവക്കാടുൾപ്പടെ 21 ആളുകളുടെ പേരുകളായിരുന്നു ഡിസംബർ എട്ടാം തീയതി നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയുമായി ബന്ധപ്പെട്ട്, ഒക്ടോബർ ആറാംതീയതി ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാമദ്ധ്യേ ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തിയത്.

2013 നവംബർ 21-ന് ഫ്രാൻസിസ് പാപ്പായാണ് അദ്ദേഹത്തെ ബോഗോർ രൂപതാമെത്രാനായി നിയമിച്ചത്. 2001 മുതൽ 2009 വരെ ഇൻഡോനേഷ്യയിലെ OFM ഫ്രാൻസികൻ സഭാ പ്രൊവിൻഷ്യലായി അദ്ദേഹം സേവനം ചെയ്‌തിരുന്നു. 1962 മെയ് 17-ന് ജനിച്ച ബിഷപ് സ്യുകുർ 1989 ജനുവരി 22-നാണ് ഫ്രാൻസിസ്കൻ സഭയിൽ നിത്യവ്രതവാഗ്ദാനം നടത്തിയത്. 1991 ഫെബ്രുവരി 2-നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

1991 മുതൽ 1993 വരെ പടിഞ്ഞാറൻ പാപുവയിലെ ജയപുര രൂപതയിൽ ഇടവകശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് റോമിലെ അന്തോണിയാനത്തുനിന്ന് അദ്ധ്യാത്മികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 17:11