തിരയുക

കർദിനാൾ മത്തെയോ സൂപ്പി മോസ്‌കോയിൽ കർദിനാൾ മത്തെയോ സൂപ്പി മോസ്‌കോയിൽ 

സമാധാനം അഭ്യർത്ഥിച്ച് പാപ്പായുടെ പ്രതിനിധി വീണ്ടും മോസ്‌കോയിൽ

ഉക്രൈൻ - റഷ്യ സംഘർഷം പരിഹരിക്കുന്നതിനായി തന്റെ പ്രതിനിധിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ച കർദിനാൾ മത്തെയോ സൂപ്പി ഒക്ടോബർ പതിനാലാം തീയതി വീണ്ടും മോസ്‌കോയിൽ എത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഉക്രൈൻ റഷ്യ യുദ്ധത്തിന് അവസാനം കാണുന്നതിനും, സാധാരണ ജനങ്ങളുടെ ജീവനും, സുരക്ഷയ്ക്കും അഭ്യർത്ഥന നടത്തുന്നതിനും ഫ്രാൻസിസ് പാപ്പാ തന്റെ പ്രത്യേക താത്പര്യപ്രകാരം നിയോഗിച്ച സമാധാനദൂതൻ കർദിനാൾ മത്തെയോ സൂപ്പി തന്റെ രണ്ടാം ഘട്ട സന്ദർശനത്തിനായി ഒക്ടോബർ പതിനാലാം തീയതി തിങ്കളാഴ്ച മോസ്‌കോയിലെത്തി.

ബൊളോഞ്ഞ അതിരൂപതയുടെ മെത്രാപോലീത്തയും, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും ആയ കർദിനാൾ മത്തെയോ സൂപ്പിയെ 2023 ജൂൺ മാസത്തിലാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രത്യേക ദൂതനായി നിയമിക്കുന്നത്. കർദിനാൾ റഷ്യൻ അധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും, ഏറെ പ്രതീക്ഷയുള്ള സമാധാനം കൈവരിക്കുന്നതിനായി ഉക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനും, തടവുകാരെ കൈമാറുന്നതിനായും കൂടുതൽ ശ്രമങ്ങൾ നടത്തുകയും ചെയ്യുമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി വാർത്താകുറിപ്പിൽ അറിയിച്ചു.

കർദിനാൾ സൂപ്പി 2023 ജൂൺ 5-6 തീയതികളിൽ നടത്തിയ ഉക്രെയ്ൻ സന്ദർശനത്തോടെയാണ് തന്റെ സമാധാന ദൗത്യം ആരംഭിച്ചത്. അവിടെ അദ്ദേഹം പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയുമായും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

തുടർന്ന് കർദിനാൾ 2023 ജൂൺ 28-30 തീയതികളിൽ റഷ്യ സന്ദർശിച്ചു, റഷ്യൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് കിറിൽ , കൂടാതെ റഷ്യൻ ഫെഡറേഷൻ ഫോർ ഫോറിൻ പോളിസി അഫയേഴ്‌സ് പ്രസിഡൻ്റിൻ്റെ അസിസ്റ്റൻ്റ് യൂറി ഉഷാക്കോവ്, കമ്മീഷണർ മരിയ എൽവോവ-ബെലോവ എന്നിവരുൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2024, 12:33