തിരയുക

സിനഡൽ ശാലയിൽ നിന്ന് സിനഡൽ ശാലയിൽ നിന്ന്   (AFP or licensors)

ക്രൈസ്തവരുടെ ഐക്യം ചർച്ചാവിഷയമാക്കി മെത്രാൻ സിനഡുസമ്മേളനം

സിനഡ് പ്രവർത്തനങ്ങളുടെ പുരോഗതികൾ വിവരിച്ചുകൊണ്ട്, ഒക്ടോബർ മാസം പത്താം തീയതി ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു വാർത്താസമ്മേളനം നടത്തി. തദവസരത്തിൽ ചർച്ച ചെയ്യപ്പെട്ടതും, ചെയ്യപ്പെടാനിരിക്കുന്നതുമായ വിവിധ വിഷയങ്ങളെ സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദൈവീകദാനങ്ങൾ പങ്കുവയ്ക്കപ്പെടുന്ന വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഇനിയും ഐക്യവും സഹകരണവും ഉറപ്പുവരുത്തണമെന്നും, ഇതാണ് യഥാർത്ഥ സിനഡൽ സഭയെന്നും, അനുദിന സിനഡാനന്തര  പത്രസമ്മേളനത്തിൽ ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച് അടിവരയിട്ടു പറഞ്ഞു. ഓരോ സഭയ്ക്കും തങ്ങളുടേതായ രീതിയിൽ പൊതുവായി നൽകുവാൻ കഴിയുന്ന സംഭാവനകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സിനഡിൻ്റെ ഏറ്റവും പ്രസക്തമായ വശങ്ങളിലൊന്ന്, അതിന്റെ എക്യൂമെനിക്കൽ മാനമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഈ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസം പതിനൊന്നാം തീയതി പ്രാദേശിക സമയം വൈകുന്നേരം, പത്രോസിന്റെ രക്തസാക്ഷിത്വം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തു , പ്രത്യേക സഭൈക്യ പ്രാർത്ഥന കൂട്ടായ്മയും നടക്കും. 

സഭയ്‌ക്കിടയിൽ ചില 'വിട്ടുവീഴ്‌ചകൾ' തേടുക മാത്രമല്ല, ക്രിസ്‌തീയ ഐക്യത്തിൻ്റെ ഒരു പൊതു ജീവിതത്തിന് അടിത്തറയിടുകയെന്നതാണ്, സഭൈക്യപ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് ഓർത്തോഡോക്സ് മെത്രാപ്പോലീത്തയായ ആർച്ചുബിഷപ്പ് ജോബ് പത്രസമ്മേളനത്തിൽ പറഞ്ഞു .

ആംഗ്ലിക്കൻ പ്രൈമേറ്റായ മൈക്കൽ റാംസിക്ക് പോൾ ആറാമൻ പാപ്പാ സമ്മാനിച്ച മെത്രാൻ മോതിരം, പരസ്പരം തിരിച്ചറിയുന്നതിനും, അനുഭവങ്ങളിൽ വളരുന്നതിനും ഏറെ പ്രധാനപ്പെട്ട മാതൃകയാണെന്ന് ആംഗ്ലിക്കൻ മെത്രാപ്പോലീത്തയായ മാർട്ടിൻ വാർണർ എടുത്തു പറഞ്ഞു. സിനഡ് നിമിഷങ്ങൾ, പരസ്പരം ഹൃദയം തുറക്കുന്നതിനും, ഈ നൂറ്റാണ്ടിലെ വെല്ലുവിളികളെ ക്രിയാത്മകമായും ധൈര്യത്തോടെയും നോക്കിക്കാണാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്യൂമെനിസം എന്നത് പ്രതിസന്ധിയിലല്ല എന്നും എന്നാൽ, എല്ലാക്കാലത്തും ധാരാളം വെല്ലുവിളികൾ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും കർദിനാൾ കോച്ച് വിശദീകരിച്ചു. ക്രിസ്ത്യാനികളുടെ ഐക്യം ആജ്ഞാപനങ്ങളിലൂടെയല്ല, മറിച്ചു പ്രാർത്ഥനയിലൂടെയുള്ള സഹകരണങ്ങളിലൂടെയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. കൂദാശാസ്വീകരണങ്ങളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കു വേണ്ടി ഫ്രാൻസിസ് പാപ്പാ, ഒരു പ്രത്യേക പ്രായോഗിക സമിതിയെ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2024, 13:20