സിസ്റ്റർ ആൻജെലിനി ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നു സിസ്റ്റർ ആൻജെലിനി ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നു 

സ്നേഹമുള്ളിടത്ത് നവദർശനം തുറക്കുന്നു: സിസ്റ്റർ ആൻജെലിനി

ഒക്ടോബർ ഏഴാം തീയതി നടന്ന സിനഡ് സമ്മേളനത്തിന് മുന്നൊരുക്കമായി നടത്തിയ പ്രാർത്ഥനാവേളയിൽ, സിസ്റ്റർ മരിയ ഇജ്ഞാസിയ ആൻജെലിനി ധ്യാന ചിന്തകൾ പങ്കുവച്ചു. ക്രൈസ്തവോന്മുഖമായ വ്യക്തിബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് സിസ്റ്റർ സംസാരിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സിനഡൽ  ആത്മീയതയുടെ അടിസ്ഥാനം 'സ്നേഹമുള്ളിടത്ത് തുറക്കപ്പെടുന്ന ഒരു പുതിയ ദർശന'മാണെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, സിസ്റ്റർ ആൻജെലിനി സിനഡ് അംഗങ്ങൾക്കു ഒക്ടോബർ ഏഴാം തീയതിയിലെ ധ്യാനചിന്തകൾ ആരംഭിച്ചത്. നല്ല സമരിയക്കാരന്റെ ഉപമയാണ്, ഈ ചിന്തകൾക്ക് ആധാരമായി സിസ്റ്റർ എടുത്തിരുന്നത്. ജറുസലേമിൽ നിന്നും ജെറിക്കോയിലേക്കുള്ള പാത, സാധ്യമായ എല്ലാ വഴികളെയും ചിത്രീകരിക്കുന്നുവെന്നും, വിവിധങ്ങളായ ആ വഴികളിൽ പരസ്പരം ശ്രവിച്ചുകൊണ്ട്, ബന്ധങ്ങൾ സൃഷ്ടിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും, ഇതാണ് യഥാർത്ഥ സിനഡൽ സഭയെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി.

ജറുസലേമിൽ നിന്നും ജെറീക്കോയിലേക്കു ഇറങ്ങി വരുന്നത്, സിനഡൽ സഭയുടെ യഥാർത്ഥ ദൗത്യം വെളിവാക്കുന്നുവെന്നു പറഞ്ഞ സിസ്റ്റർ, ഇറങ്ങിവരുന്നവന്റെ നോട്ടം മറ്റൊരാളെ അയൽക്കാരനാക്കി രൂപാന്തരപ്പെടുത്തിയ മഹനീയതയാണ് ഇന്നും തുടരേണ്ടതെന്നും ഓർമ്മിപ്പിച്ചു. ഹിംസയാൽ അടയാളപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ, നല്ലവരില്ലെന്ന് കരുതപ്പെട്ടിരുന്നവന്റെ ബന്ധങ്ങളെ നല്ല സമരിയക്കാരൻ  രൂപാന്തരപ്പെടുത്തിയതുപോലെ, അനുകമ്പയോടെ മറ്റുള്ളവരെ ചേർത്ത് നിർത്തുവാനും, സഹോദരനായി അവനെ സ്വീകരിക്കുവാനും സാധിക്കണമെന്ന് സിസ്റ്റർ എടുത്തു പറഞ്ഞു. ഇപ്രകാരമുള്ള  ബന്ധങ്ങളിലാണ് നമ്മുടെ വിശ്വാസം കൈമാറ്റം ചെയ്യേണ്ടതെന്നും സിസ്റ്റർ അടിവരയിട്ടു പറഞ്ഞു. "നിങ്ങളിലുള്ള മനുഷ്യനെ ഞാന് കാണട്ടെ, ഞാൻ  എന്റെ  ദൈവത്തെ നിങ്ങൾക്കു  കാണിച്ചുതരാം."  എന്ന രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്ത്യോക്കയിലെ വിശുദ്ധ തെയോഫിലസിന്റെ വാക്കുകൾ യഥാർത്ഥ ക്രൈസ്തവ ദൗത്യത്തെ വെളിപ്പെടുത്തുന്നുവെന്നും സിസ്റ്റർ പറഞ്ഞു.

മനുഷ്യത്വത്തിന്റെ ആർദ്രതയുടെ ശൈലിയാണ് മറ്റുള്ളവർക്ക് ദൈവത്തെ കാണുവാനുള്ള മാർഗമെന്നാണ് സിസ്റ്റർ ഓർമ്മിപ്പിക്കുന്നത്. അതേസമയം മറ്റുള്ളവർക്കുള്ള സേവനത്തിൽ ഒരിക്കലൂം യജമാനഭാവം അടങ്ങുന്നില്ലെന്നും, മറിച്ച് സൗജന്യപരിചരണം മാത്രമാണ് അവിടെ നിലനിൽക്കുന്നതെന്നും സിസ്റ്റർ പറഞ്ഞു. ഇന്ന് സഭയിലും സമൂഹത്തിലും നിലനിൽക്കുന്ന നിസ്സംഗതയുടെ മനോഭാവം മാറ്റപ്പെടണമെന്നും, നല്ല സമരിയക്കാരനിലേക്ക് വളരണമെന്നും സിസ്റ്റർ സിനഡ് അംഗങ്ങളെ ആഹ്വാനം ചെയ്യുന്നു. സുവിശേഷ ഭാഗത്തിന്റെ അവസാനം പ്രതിപാദിക്കുന്ന, "അങ്ങനെ ചെയ്‌താൽ നീ ജീവിക്കും", എന്ന വാക്കുകളും സിസ്റ്റർ അടിവരയിട്ടു പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ , "ഇറങ്ങുന്ന പാതയിൽ" ഒരുമിച്ചു പുറപ്പെട്ട്, ബന്ധങ്ങളാൽ ഇഴുകിച്ചേർന്ന ആത്മീയതയിൽ വളരുന്നതാണ് യഥാർത്ഥ സിനഡൽ സഭയെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2024, 13:04