തിരയുക

കർദിനാൾ മാരിയോ ഗ്രെച്ച് കർദിനാൾ മാരിയോ ഗ്രെച്ച്   (Vatican Media)

സിനഡിന്റെ യാഥാർത്ഥനായകൻ പരിശുദ്ധാത്മാവാണ്: കർദിനാൾ മാരിയോ ഗ്രെച്ച്

ആഗോളകത്തോലിക്ക സഭയുടെ സിനഡ്‌, ഒക്ടോബർ മാസം ഇരുപത്തിയൊന്നാം തീയതിയിലെ സമ്മേളനങ്ങൾക്ക് മുന്നോടിയായി, പരിശുദ്ധാത്മാവിന്റെ പ്രത്യേക സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയ്ക്ക്, സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച് മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സിനഡിന്റെ യഥാർത്ഥ ചൈതന്യം, ഐക്യത്തിന്റേതാണെന്നും, വിഭജനത്തിന്റേതല്ലെന്നും എടുത്തു പറഞ്ഞുകൊണ്ട്, ഒക്ടോബർ മാസം ഇരുപത്തിയൊന്നാം തീയതി നടന്ന സിനഡ്‌ സമ്മേളനങ്ങൾക്ക് മുന്നോടിയായി, പരിശുദ്ധാത്മാവിന്റെ പ്രത്യേക സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയ്ക്ക്, സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച് മുഖ്യകാർമ്മികത്വം വഹിക്കുകയും, തിരുവചന സന്ദേശം നൽകുകയും ചെയ്തു.  സിനഡൽ യാത്രയുടെയും, സമ്മേളനത്തിന്റെയും ഫലങ്ങൾ കൊയ്യാൻ എപ്രകാരം തങ്ങളെ തന്നെ ഒരുക്കണമെന്നുള്ളത്, സുവിശേഷഭാഗം കാട്ടിത്തരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ തന്റെ സന്ദേശം ആരംഭിച്ചത്. ധനികൻ സമൃദ്ധമായ വിളവുകൾ കണ്ടെത്തിയതുപോലെ, ഈ മൂന്നുവർഷങ്ങളിലും, സമൃദ്ധമായ ഫലങ്ങൾ കണ്ടെത്തുവാൻ സിനഡിൽ സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ബലഹീനതകളും മുറിവുകളും, മറച്ചുവയ്ക്കാതെതന്നെ, ദൈവജനത്തിൽ തഴച്ചുവളരുന്ന ദാനങ്ങൾ കണ്ടെത്തുവാൻ ഈ സിനഡ് സമ്മേളനം സഹായകരമായതിനെ കർദിനാൾ പരാമർശിച്ചു.

തുടർന്ന്, വയലിന്റെ ഉടമ, സ്വയം ചോദിക്കുന്ന ചോദ്യവും കർദിനാൾ എടുത്തു പറഞ്ഞു. ഇവയെല്ലാം എവിടെ ശേഖരിക്കുമെന്ന ഉടമയുടെ ഉത്ക്കണ്ഠ, ഒരുപക്ഷെ നമ്മെയും  പ്രലോഭനത്തിൽ വീഴ്ത്തിയേക്കാം. സിനഡൽ യാത്രയുടെ സമൃദ്ധമായ ഫലങ്ങൾ എവിടെ ശേഖരിക്കുമെന്നോ, എന്തുചെയ്യുമെന്നോ അറിയാതെ ഉഴലുമ്പോൾ, സിനഡൽ ഫലങ്ങൾ നമ്മുടെ ആരുടേയും നേട്ടമല്ല എന്നുള്ള വസ്തുത തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവത്തെ മറന്നുകൊണ്ട്, എന്തും ശേഖരിക്കുവാനുള്ള മനുഷ്യന്റെ വ്യഗ്രതയെയും കർദിനാൾ ചൂണ്ടിക്കാണിച്ചു. എന്നാൽ സിനഡിന്റെ ഫലങ്ങൾ സ്വന്തമാക്കിവയ്ക്കാതെ അത് സഭയ്ക്കും ലോകത്തിനും നല്കാനുള്ളതാണെന്നു കർദിനാൾ പറഞ്ഞു.  അതിനാൽ, എല്ലാ അത്യാഗ്രഹങ്ങളിൽ നിന്നും അകന്നു നിന്നുകൊണ്ട് യേശുവിന്റെ വചനങ്ങൾ ശ്രവിക്കുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വഴി പരിശുദ്ധാത്മാവിന്റേതാണെന്നും, പരിശുദ്ധാത്മാവിന് മാത്രമേ ദൈവത്തിന്റെ പുതുമയിലേക്ക് നമ്മെത്തന്നെ തുറന്നുകൊടുക്കുവാൻ നമ്മെ സഹായിക്കുവാൻ സാധിക്കുകയുള്ളൂവെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, സിനഡ് ഒരു നിയമനിർമ്മാണ സഭയല്ലെന്നും, മറിച്ച് അത് സഭാജീവിതത്തിന്റെ ഒരു വിലപ്പെട്ട നിമിഷമാണെന്നും, അതിന്റെ നായകൻ പരിശുദ്ധാത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രത്യാശയുടെ തീർഥാടകരെന്ന നിലയിൽ രക്ഷയുടെ സുവിശേഷത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവരിലേക്ക് സിനഡൽ പാതയിൽ തുടർന്നും മുന്നേറുവാനും അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2024, 13:46