തീരുമാനങ്ങളിലേക്കുള്ള ചർച്ചകളിൽ സിനഡ് അംഗങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗോള കത്തോലിക്കാ സഭയുടെ മെത്രാൻ സിനഡിൽ, പ്രാദേശിക സഭയിൽ നിലനിൽക്കുന്ന ആചാരങ്ങളിലെ വിവിധ പ്രത്യേകതകൾ ചർച്ച ചെയ്തു. പത്താം ദിവസത്തെ സിനഡ് സമ്മേളനത്തിന്റെ ചർച്ചവിഷയങ്ങൾ, വാർത്താസമ്മേളനത്തിൽ പങ്കുവച്ചു. സിനഡ് മാധ്യമവിഭാഗം തലവൻ ഡോ. പൗളോ റുഫീനിയും, സെക്രട്ടറി ഡോ. ഷെയ്‌ല പിരെസും വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ക്രൈസ്തവ പാരമ്പര്യങ്ങളും പ്രാദേശിക ആചാരങ്ങളും തമ്മിലുള്ള ഐക്യം കണ്ടെത്തുന്നതിൽ ചിലപ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സിനഡിൽ ചൂണ്ടിക്കാട്ടി.വിവിധ സന്ദർഭങ്ങളിൽ പ്രാദേശികസഭയുടെ അനുഭവങ്ങൾ കേൾക്കേണ്ടതിൻ്റെ പ്രാധാന്യവും സിനഡിൽ അടിവരയിട്ടുവെന്ന്, ഡോ. ഷെയ്‌ല പറഞ്ഞു.
കത്തോലിക്കാ സ്‌കൂളുകളിലെ കുട്ടികളുടെ പ്രാധാന്യം, രൂപീകരണത്തിലും സുവിശേഷവൽക്കരണത്തിലും സ്‌കൂളുകളുടെ പങ്ക് എന്നിവയുൾപ്പെടെ വിഷയങ്ങളും സിനഡിൽ ചർച്ച ചെയ്യപ്പെട്ടു. ഒരിക്കൽ കൂടി, സഭയിലെ സ്ത്രീകളുടെ പങ്ക് ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. ഒപ്പം സെമിനാരി രൂപീകരണത്തിൽ സ്ത്രീകൾ വലിയ പങ്ക് വഹിക്കേണ്ടതിൻ്റെ ആവശ്യകതയും സിനഡ് ചർച്ച ചെയ്തു.
പ്രതിബദ്ധതയുള്ള സാക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള അർത്ഥവത്തായ രൂപീകരണത്തിൻ്റെ ആവശ്യകതയും, യേശുവിൻ്റെ ശൈലി സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരുമായി ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും, പത്രസമ്മേളനത്തിലെ അതിഥികളിൽ ഒരാളായ ലാറ്റിൻ അമേരിക്കൻ കോൺഫെഡറേഷൻ ഓഫ് റിലീജിയസ് മെൻ ആൻഡ് വുമൺ (CLAR) പ്രസിഡൻ്റും സിനഡൽ അംഗവുമായ സിസ്റ്റർ. ഗ്ലോറിയ ലിലിയാന ഫ്രാങ്കോ പങ്കുവെച്ചു. പരിശുദ്ധാത്മാവ് സഭയോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് നിർണ്ണയിക്കാനുള്ള സാധ്യത നൽകുന്ന വിവേചനാധികാരത്തെക്കുറിച്ചും സിസ്റ്റർ സംസാരിച്ചു.
റുവാണ്ടയിലെ സിയാൻഗുഗു ബിഷപ്പ് എഡ്വാർഡ് സിനയോബി, മുപ്പത് വർഷങ്ങൾക്ക് മുമ്പ് തൻ്റെ രാജ്യത്ത് നടന്ന വംശഹത്യയുടെ ഭീകരതയെ തുടർന്ന് തൻ്റെ രാജ്യത്തെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. റുവാണ്ടയിലെ ഇന്നത്തെ സാഹചര്യത്തിലേക്ക് തിരിയുമ്പോൾ, വംശഹത്യ നടന്ന് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇപ്പോഴും തുടരുന്ന ഐക്യം ലക്ഷ്യമിട്ടുള്ള അനുരഞ്ജന പ്രക്രിയയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
എല്ലാ കത്തോലിക്കരും, എല്ലാ ക്രിസ്ത്യാനികളും ഇച്ഛാശക്തിയോടെ ആത്മീയ പുനർജന്മം പ്രാപിക്കുന്നതിനും, ജ്ഞാനസ്നാനം വഴിയായി അവർക്ക് ലഭിച്ച ദൗത്യം സഭയിൽ ഉപയോഗിക്കുന്നതിനും കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുന്നതിനു ഈ സിനഡ് സഹായകരമാകുന്നുവെന്നു റിഗയിലെ ആർച്ച് ബിഷപ്പ് ബിഗ്നെവ്സ് സാങ്കേവിക്സ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജനറൽ അസംബ്ലി മൂന്നാം മൊഡ്യൂളിന്മേൽ പ്രവർത്തനങ്ങൾ നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: