തിരയുക

പാപ്പയ്‌ക്കൊപ്പം ആർച്ച്ബിഷപ് കാച്ച പാപ്പയ്‌ക്കൊപ്പം ആർച്ച്ബിഷപ് കാച്ച 

സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യവും തുല്യതയും ഉയർത്തിക്കാട്ടി പരിശുദ്ധസിംഹാസനം

സ്ത്രീകളെ അംഗീകരിക്കുന്നതും, അവരുടെ തുല്യ അന്തസ്സ് ഉറപ്പാക്കുന്നതും നീതിപൂർവ്വമായ ഒരു സമൂഹത്തിന് പ്രധാനപ്പെട്ടതാണെന്ന് പരിശുദ്ധ സിംഹാസനം. ഒക്ടോബർ ഒൻപത് ബുധനാഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊൻപതാമത് പൊതുസമ്മേളനത്തിന്റെ മൂന്നാം കമ്മിറ്റിയിൽ സംസാരിക്കവെ, വത്തിക്കാൻ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ സാദ്ധ്യതകൾ നിഷേധിക്കുന്ന വ്യവസ്ഥിതി മാറണമെന്നും, സ്ത്രീപുരോഗതി ഉറപ്പാക്കുകയും, അവരുടെ തുല്യ അന്തസ്സ് അംഗീകരിക്കുകയും ചെയ്യുന്നത് നീതി വാഴുന്ന ഒരു സമൂഹത്തിന് ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. സ്ത്രീപുരോഗതിയുമായി ബന്ധപ്പെട്ട്, ഒക്ടോബർ ഒൻപത് ബുധനാഴ്‌ച ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊമ്പതാം പൊതുസമ്മേളനത്തിന്റെ മൂന്നാം കമ്മിറ്റി, ഇരുപത്തിയേഴാം അജണ്ടയുടെ ചർച്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, "സമൂഹത്തിൽനിന്ന് സമൂലം പിഴുതെറിയപ്പെടേണ്ട കളയാണെന്ന്" അദ്ദേഹം ആവർത്തിച്ചു. അടഞ്ഞ വാതിലുകൾക്ക് പിന്നിലുള്ള ഗാർഹികപീഡനമെന്ന ഗുരുതരമായ തിന്മയും തന്റെ പ്രഭാഷണത്തിൽ ആർച്ച്ബിഷപ് കാച്ച പരാമർശിച്ചു. ഇത് അവസാനിപ്പിക്കാനായി സ്ത്രീപുരുഷന്മാരുടെ ഒരുമിച്ചുള്ള ശ്രമം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്ത് ലൈംഗികചൂഷണങ്ങൾക്കായി നടക്കുന്ന മനുഷ്യക്കച്ചവടത്തിന്റെ ഇരകളിൽ അറുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി പ്രസ്താവിച്ചു. നീലച്ചിത്രനിർമ്മാണം, മയക്കുമരുന്നുകളുടെ ദുരുപയോഗം തുടങ്ങിയ വിവിധ അധോലകബിസിനസുകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അശ്ലീലസിനിമകളും വേശ്യാവൃത്തിയും നിയമാനുസൃതമാക്കുന്നത് വഴി ഇതിന് പോംവഴി കണ്ടെത്താനാകുമെന്ന് കരുതുന്നതിലെ അപാകതയിലേക്കും അദ്ദേഹം ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

ദാരിദ്ര്യം അവസാനിപ്പിക്കുകയും, ഏവർക്കും വിദ്യാഭ്യാസം , കുടുംബം, ജോലി തുടങ്ങിയവ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയേ സമൂഹത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്താനാകൂയെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. മാതൃത്വമുൾപ്പെടെ, സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കുന്നതിലൂടെയേ സ്ത്രീപുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിൽ പരിശുദ്ധസിംഹാസനം എന്നും പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2024, 18:06