തിരയുക

ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച  

ആയുധനിർമ്മാണത്തിൽ സാങ്കേതികവിദ്യകളുടെ പങ്ക് നിയന്ത്രിക്കപ്പെടണം: ആർച്ചുബിഷപ്പ് കാച്ച

ആണവായുധ ഭീഷണി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, ആയുധനിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ നിയന്ത്രണം ആവശ്യമെന്ന് ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ന്യൂയോർക്കിൽ  നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയൊൻപതാമത് പൊതു അസംബ്ലിയിൽ  പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി. ഒക്ടോബർ പതിനേഴാം തീയതി നടന്ന സമ്മേളനത്തിലാണ്, ലോകത്ത് അരങ്ങേറുന്ന യുദ്ധഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, നിരായുധീകരണം എത്രയും വേഗം സാധ്യമാക്കണമെന്നുആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞത്. സായുധ സംഘട്ടനങ്ങളിലെ ആഗോള വർധനവും,  സൈനികച്ചെലവിലെ വർദ്ധനയും ദരിദ്രർക്കും പ്രായമായവർക്കും കുട്ടികൾക്കും ദുർബലമായ സാഹചര്യങ്ങളിൽ ഉള്ളവർക്കും പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനം യാഥാർത്ഥ്യമാക്കുന്നതിന്, യുദ്ധത്തിൻ്റെ നിയമസാധുതയുടെ യുക്തിയിൽ നിന്ന് നാം മാറണമെന്നും, യുദ്ധം ന്യായമല്ല, സമാധാനം മാത്രമാണ് നീതിയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം കെട്ടിപ്പടുക്കുവാൻ ആവശ്യം വേണ്ടത്, സാഹോദര്യത്തിന്റെ  നന്മകൾ തിരിച്ചറിയുക എന്നതാണെന്നും, അതിനു ക്ഷമയും, അനുഭവപരിചയവും ദീർഘവീക്ഷണവും, ദൃഢതയും അർപ്പണബോധവും, സംഭാഷണവും നയതന്ത്രജ്ഞതയും ആവശ്യമെന്നും ആർച്ചുബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് നിരായുധീകരണ നയം അന്താരാഷ്ട്ര തലത്തിൽ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു. ആണവ സംഘർഷത്തിൻ്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ആയുധ നിയന്ത്രണവും നിരായുധീകരണ ഉടമ്പടികളും ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ അന്താരാഷ്ട്രസമൂഹം കൈക്കൊള്ളണമെന്നും ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.

തുടർന്ന്, സുസ്ഥിരവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന്, പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പങ്കിനെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടത് ആവശ്യമെന്നും, ഇത് ഗുരുതരമായ ധാർമ്മിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മാനുഷികമായ അവകാശങ്ങൾക്കു വേണ്ടി നന്മനിറഞ്ഞ രീതിയിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനു പരിശുദ്ധ സിംഹാസനത്തിന്റെ പൂർണ്ണ പിന്തുണയും ആർച്ചുബിഷപ്പ് അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2024, 14:19