തിരയുക

വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ 

മനുഷ്യാവകാശ സംരക്ഷണയത്നം പരിശുദ്ധസിംഹാസനം തുടരുന്നു, കർദ്ദിനാൾ പരോളിൻ!

പരിശുദ്ധസിംഹാസനത്തിന് ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകസ്ഥാനം ലഭിച്ചതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കർദ്ദിനാൾ പീയെത്രൊ പരോളിൻ അ മേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, തിങ്കളാഴ്ച (30/09/24) ദിവ്യബലി അർപ്പിച്ചു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യാവകാശവും മാനവാന്തസ്സും സംരക്ഷിക്കുന്നതിനുള്ള പരിശ്രമം പരിശുദ്ധസിംഹാസനം പതിറ്റാണ്ടുകളായി തുടരുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

പരിശുദ്ധസിംഹാസനത്തിന് ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകസ്ഥാനം ലഭിച്ചതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, തിങ്കളാഴ്ച (30/09/24) അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഈ നിരീക്ഷക സ്ഥാനം ലഭിച്ചതിനു ശേഷമുള്ള ഈ അറുപതുവർഷക്കാലവും പരിശുദ്ധസിംഹാസനം തുടർന്ന മനുഷ്യാവകാശ-മാനവൗന്നത്യ സംരക്ഷണ പ്രക്രിയയിൽ, വിശിഷ്യ, എല്ലാവരുടെയും ഏറ്റവും മൗലികമായ ജീവനുള്ള അവകാശം സംരക്ഷിക്കുന്നതിലും, സാമൂഹ്യ നീതി, സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ വക്താവാകുന്നതിലും ദുർബ്ബലരുടെ കോട്ടയാകുകയും വിസ്മൃതർക്ക്,അതായത്, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ചിതറിപ്പോയവർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നതിലും മുന്നണിയിൽത്തന്നെയുണ്ടെന്ന് കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.

യേശു കാട്ടിത്തന്ന സേവനത്തിൻറെ സരണിയിലൂടെ ചരിക്കാനാണ്, ആവശ്യത്തിലിരിക്കുന്നവരും എന്നാൽ, ഒന്നും തിരിച്ചു നല്കാൻ കഴിയാത്തവരുമായവരെ സേവിക്കാനാണ് പരിശുദ്ധസിംഹാസനവും സഭയും അഭലഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എളിയവരിൽ, ആവശ്യത്തിലിരിക്കുന്നവരിൽ ദൈവത്തെ കണ്ടെത്താനാകുമെന്ന സുവിശേഷ സന്ദേശത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് കർദ്ദിനാൾ പരോളിൻ ചെറിയവരായിരിക്കുകയെന്ന ആവശ്യകതയിലേക്ക് വിരൽ ചൂണ്ടി. ചെറുതാണ് എന്ന തിരിച്ചറിവാണ് വളർച്ചയുടെ ആരംഭബിന്ദു എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.   

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2024, 12:46