ഫ്രാൻസിസ് പാപ്പായും ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കിയും വീണ്ടും കണ്ടുമുട്ടുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ രണ്ടര വർഷത്തിലധികമായി റഷ്യ-ഉക്രൈൻ സായുധസംഘർഷം തുടരുന്നതിനിടെ, സമാധാനശ്രമങ്ങളുടെ ഭാഗമായി, ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലിൻസ്കി വത്തിക്കാനിലെത്തും. ഫ്രാൻസിസ് പാപ്പാ പ്രസിഡന്റ് സെലിൻസ്കിക്ക് കൂടിക്കാഴ്ച അനുവദിച്ചതിനെത്തുടർന്നാണ് അദ്ദേഹം വത്തിക്കാനിലെത്തുക. രാവിലെ ഒൻപതരയ്ക്കായിരിക്കും അദ്ദേഹം പാപ്പായുമായി കൂടിക്കാഴ്ച നടത്തുക. ഇത് മൂന്നാം വട്ടമാണ് ഉക്രൈൻ പ്രസിഡന്റിന് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച അനുവദിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ തെക്കൻ ഇറ്റലിയിലെ പൂല്യയിൽ നടന്ന "ജിഏഴ്" രാജ്യങ്ങളുടെ സമ്മേളനത്തിന്റെ അവസരത്തിലും പാപ്പായും പ്രസിഡന്റ് സെലിൻസ്കിയും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു.
2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് സെലിൻസ്കി അവസാനമായി വത്തിക്കാനിലെത്തിയത്. ഇവിടുത്തെ പോൾ ആറാമൻ ശാലയുടെ ഒരു മുറിയിൽ 40 മിനിറ്റുകൾ നീണ്ട സമ്മേളനത്തിൽ, ഉക്രൈനുവേണ്ടി തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പു നൽകിയിരുന്നു. അതിനുശേഷം നടന്ന തന്റെ നിരവധിയായ പ്രഭാഷണങ്ങളിലും മീറ്റിംഗുകളിലും ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ കഷ്ടതയനുഭവിക്കുന്ന ആളുകൾക്ക് മാനവികസഹായം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇരുവരും സംയുക്തമായി പുറത്തുവിട്ട ഒരു പ്രസ്താവനയിൽ അറിയിച്ചിരുന്നു.
2023 മെയ് മാസത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ലക്ഷക്കണക്കിന് വരുന്ന ഉക്രൈൻകാരുടെ ദുരിതങ്ങളിൽ പാപ്പാ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവന നടത്തിയ പ്രസിഡന്റ് സെലിൻസ്കി, കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ഉക്രൈൻ കുട്ടികളെ തിരികെ അവരുടെ വീടുകളിലെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പാപ്പായ്ക്ക് ഉറപ്പു നൽകിയിരുന്നു.
2020 ഫെബ്രുവരി 8-നാണ് പ്രെസിഡന്റ് സെലിൻസ്കി ആദ്യം വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെത്തിയത്. കിയെവിൽ റഷ്യ നടത്തിയ ആദ്യ ബോംബാക്രമണം മുതൽ പാപ്പായുമായി അദ്ദേഹം കത്തുകളിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു. 2023 മെയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളകളിലും വിവിധ പൊതുകൂടിക്കാഴ്ചകളിലും മറ്റു സമ്മേളനങ്ങളിലും ഉക്രൈൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയും, യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനുവേണ്ടിയും പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു.
ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം, ഇറ്റാലിയൻ മെത്രാൻസമിതി പ്രസിഡന്റുകൂടിയായ കർദ്ദിനാൾ സൂപ്പി ഉക്രൈനും റഷ്യയും സന്ദർശിക്കുകയും സമാധാനസ്ഥാപനത്തിനുവേണ്ടിയുള്ള ചർച്ചകളും അഭ്യർത്ഥനകളും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ വഴി ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും, കുട്ടികളെ സ്വരാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനും സാധിച്ചുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ കർദ്ദിനാൾ പരൊളീൻ ഉക്രൈൻ സന്ദർശിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: